വിവാഹിതനായ ഒരു പുരുഷൻ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയുമായി ഉഭയസമ്മതപ്രകാരം ലിവ്-ഇൻ ബന്ധത്തില്‍ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി.ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളായ അനാമികയും നേത്രപാലും നല്‍കിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. സദാചാരവും നിയമവും രണ്ടാണെന്ന് വ്യക്തമാക്കിയ കോടതി, നിയമപരമായ കാഴ്ചപ്പാടില്‍ പ്രായപൂർത്തിയായവർ തമ്മിലുള്ള ഇത്തരം ബന്ധങ്ങളില്‍ പ്രഥമദൃഷ്ട്യാ കുറ്റമൊന്നും നിലനില്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.അനാമികയുടെ അമ്മ നല്‍കിയ പരാതിയെത്തുടർന്നാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. തന്റെ മകളെ നേത്രപാല്‍ വശീകരിച്ച് കൊണ്ടുപോയതാണെന്നായിരുന്നു മാതാവിന്റെ വാദം. എന്നാല്‍, ഹർജിക്കാരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിർദ്ദേശം നല്‍കിയ ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, തരുണ്‍ സക്‌സേന എന്നിവരടങ്ങിയ ബെഞ്ച്, ഇവർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തോട് കർശനമായി നിർദ്ദേശിച്ചു.ലിവ്-ഇൻ പങ്കാളികളെ നേരിട്ടോ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴിയോ മൂന്നാം കക്ഷികള്‍ മുഖേനയോ ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ എട്ടാം തീയതിയിലേക്ക് മാറ്റി. വ്യക്തിസ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളും മുൻനിർത്തി കോടതി പുറപ്പെടുവിച്ച ഈ ഉത്തരവ് സമാനമായ കേസുകളില്‍ വലിയ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.














