National

ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 ഹൃദ്രോഗികൾ മരിച്ചു; ഐസിയുവിൽ ഡോക്ടർമാരില്ലെന്ന് ആരോപണം

ബെംഗളൂരു ∙ മൈസൂരുവിലെ ജയദേവ ഹൃദ്രോഗാശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു. ചൊവ്വാ രാവിലെ 8 മുതൽ ബുധൻ രാവിലെ 8 മണി വരെയാണ് മരണങ്ങളുണ്ടായത്. ഐസിയുവിൽ ഡോക്ടർമാർ ഇല്ലായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചതോടെ ആശുപത്രി അധികൃതർക്കെതിരെ വൻ പ്രതിഷേധമുണ്ടായി. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളും അവരുടെ ബന്ധുക്കളും പരിഭ്രാന്തിയിലാണ്. ഇവിടെ പ്രതിദിനം ശരാശരി 6 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യാറുള്ളതെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എസ്. സദാനന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യാന്തര തലത്തിലുള്ള മരണനിരക്കാണിത്. എന്നാൽ, കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങൾ അസാധാരണവും നിർഭാഗ്യകരവുമാണ്. തീർത്തും ഗുരുതരാവസ്ഥയിലായ രോഗികളാണ് മരിച്ചത്.

ജയദേവ സൂപ്പർ സ്പെഷൽറ്റി ആശുപത്രിയായതിനാൽ, അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കാറുള്ളത്. രോഗിയുടെ യഥാർഥ അവസ്ഥ ബന്ധുക്കളെ കൃത്യമായി ബോധ്യപ്പെടുത്താറുണ്ട്. ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച ചികിത്സയാണ് അവർക്ക് ഉറപ്പുനൽകുന്നത്. മരിച്ച 11 പേരിൽ ചിലർ 70 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു. മുൻപ് ആരോഗ്യപ്രശ്നങ്ങളില്ലാതിരുന്ന ഒരാൾ പോലും കഴിഞ്ഞ ദിവസം മരിച്ചിട്ടില്ല. ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും എപ്പോഴും അതീവ ജാഗ്രതയിലാണ്. 2-3 മിനിറ്റുകൾക്കുള്ളിൽ ഓരോ രോഗിക്കും പരിചരണം ഉറപ്പാക്കുന്നുണ്ട്. എന്നാൽ, ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ജൂനിയർ ഡോക്ടർമാരുടെ സേവനം ആവശ്യമാണെന്നും ഡോ. സദാനന്ദ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.