National

5000 പൊലീസുകാരെ വിന്യസിച്ചെങ്കിലും കൈവിട്ടു, മാപ്പു ചോദിച്ച് ഉപമുഖ്യമന്ത്രി; ഉത്തരവാദിത്തം സർക്കാരിനെന്ന് ബിജെപി

ബെംഗളൂരു∙ ആവേശത്തിൽ ജനക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തെ ദുരന്തത്തിൽ കലാശിച്ചതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയി. 5000 പൊലീസുകാരെ വിന്യസിച്ചെങ്കിലും അത് പര്യാപ്തമായില്ല. നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു ആൾകൂട്ടം. സംഭവത്തിൽ മാപ്പു ചോദിക്കുന്നതായും ശിവകുമാർ പറഞ്ഞു.

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഐപിഎൽ കന്നികിരീടം കിട്ടിയത് ആഘോഷിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ 11 പേരാണ് തിക്കിലും തിരക്കിലും മരിച്ചത്. അൻപതോളം പേർക്കു പരുക്കേറ്റു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഇത്രയും ജനക്കൂട്ടത്തെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിദ്ധരാമയ്യയുടെ ഓഫിസ് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്നലെയായിരുന്നു ഐപിഎൽ ഫൈനല്‍ മാച്ച്. ഇന്നായിരുന്നു ടീമിന്റെ സ്വീകരണം. ഈ ചെറിയ സമയത്തിനിടെ സാധ്യമായ സജ്ജീകരണങ്ങളെല്ലാം ചെയ്തു. കളിക്കാരിൽ പലർക്കും മറ്റു പരിപാടികളുണ്ടായിരുന്നു. ചിലർ രാത്രി വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു. അതുകൊണ്ടാണ് പരിപാടി ഇന്ന് സംഘടിപ്പിച്ചതെന്നും ഓഫിസ് വ്യക്തമാക്കി. ഭാവിയിലെ ദുരന്തം ഒഴിവാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ‘‘ ബെംഗളൂരുവിലുണ്ടായ ദുരന്തം അതീവ ഹൃദയഭേദകമാണ്. ഈ ദുരന്ത സമയത്ത്, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് എന്റെ മനസ്സ്. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു’’– പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദുരന്തത്തിൽ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ദുരന്തത്തിന്റെ ഉത്തരവാദിത്തം കർണാടക സർക്കാർ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. ക്രമീകരണങ്ങളിലെ വീഴ്ചകാരണമാണ് നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ളാദ് ജോഷി പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.