ബെംഗളൂരു∙ നഗരത്തിലെ വാടക വീട്ടിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ലൈംഗിക പീഡനത്തിനിടെ 18 വയസുകാരനായ യുവാവാണ് 34 കാരിയായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. പ്രതി കർണാൽ കുറെ (18)യെ പൊലീസ് പിടികൂടി. ലൈംഗിക പീഡനം എതിർത്തതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ജനുവരി 3 നാണ് 34 കാരിയായ ഷർമിളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇവിടെ തീപിടിത്തമുണ്ടായതിനെ തുടർന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് റജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തിയത് സമീപവാസിയായ കർണാൽ ആണെന്ന് പൊലീസ് കണ്ടെത്തിയത്. ലൈംഗികാതിക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കർണാൽ ജനുവരി 3ന് രാത്രി 9 മണിയോടെ ഷർമിള താമസിച്ചിരുന്ന വീട്ടിലേക്ക് കയറിയത്. സ്ലൈഡിങ് ജനാലയിലൂടെയാണ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ലൈംഗികാതിക്രമം ഇര എതിർത്തതോടെ മർദിച്ചു. ബോധം പോയതോടെ യുവതിയുടെ വായും മൂക്കും മൂടിക്കെട്ടി. ഇതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി.
തെളിവുകൾ നശിപ്പിക്കാനായി പ്രതി യുവതിയുടെ വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിലെ മെത്തയിൽ ഇട്ട ശേഷം തീകൊളുത്തി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായത്. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) (കൊലപാതകം), 64(2), 66, 238 (തെളിവുകൾ നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.














