ന്യൂഡല്‍ഹി: അതിജീവിതയും പ്രതിയും മാസങ്ങള്‍ക്ക് മുമ്പേ വിവാഹിതരായെന്ന് ചൂണ്ടിക്കാട്ടി ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീംകോടതി. ജസ്ററിസുമാരായ ബി വി നാഗരത്ന ,സതീഷ് ചന്ദ്രശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് അസാധാരണമായ ഇടപെടല്‍. മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരായ പ്രതിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
2021ല്‍, മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവും യുവതിയും പിന്നീട് പ്രണയത്തിലായെന്നും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്. വിചാരണക്കോടതി പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു.
ഇതിനെതിരെ ഹൈക്കോടിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി തള്ളുകയുമായിരുന്നു. തുടര്‍ന്നാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി പ്രതിയുമായും പെണ്‍കുട്ടിയുമായും സംസാരിക്കുകയും പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഇവരുടെ വിവാഹകാര്യം ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന് ഈ കഴിഞ്ഞ ജൂലൈയില്‍ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. വിവാഹം നീട്ടിവെക്കണമെന്ന പ്രതിയുടെ ആവശ്യത്തെ വഞ്ചനയായി യുവതി തെറ്റിധരിച്ചതാണ് കേസിലേക്ക് എത്തിയതെന്ന് ഇരുവരുമായും സംസാരിച്ചപ്പോള്‍ കോടതിക്ക് വ്യക്തമായി.














