National

500 തെരുവുനായ്ക്കളെ വിഷം നൽകി കൊന്നൊടുക്കി; നടപ്പാക്കിയത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വാഗ്ദാനം?

ഹൈദരാബാദ് ∙ തെലങ്കാനയിൽ വിവിധ ഗ്രാമങ്ങളിലായി 500 ഓളം തെരുവുനായ്ക്കളെ വിഷം ഉള്ളിൽചെന്നു ചത്തനിലയിൽ കണ്ടെത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനായി തെരുവ് നായ്ക്കളെ വിഷം നൽകി കൂട്ടക്കൊല ചെയ്തെന്നാണ് ആരോപണം. കാമറെഡ്ഡി ജില്ലയിലെ ഭവാനിപേട്ട്, പൽവഞ്ച, ഫരീദ്പേട്ട്, വാഡി, ബന്ദരാമേശ്വരപ്പള്ളി എന്നീ ഗ്രാമങ്ങളിലാണ് തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊന്നൊടുക്കിയതെന്നു മൃഗസ്നേഹികൾ ആരോപിക്കുന്നു. സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം പൊലീസിൽ പരാതി നൽകി.

പഞ്ചായത്തിൽ പുതുതായി അധികാരമേറ്റ ഭരണസമിതിയുടെ നിർദേശപ്രകാരമാണ് തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്തതെന്ന് പരാതിയിൽ ഗൗതം ആരോപിക്കുന്നു. ആറുപേർക്കെതിരെയാണ് ഗൗതം പരാതി നൽകിയിട്ടുള്ളത്. പോസ്റ്റുമോർട്ടം നടപടികൾക്കായി കുഴിച്ചിട്ട തെരുവ് നായ്ക്കളുടെ ജഡം കണ്ടെടുത്തു. നായ്ക്കളെ കൊന്നൊടുക്കാൻ ഉപയോഗിച്ച വിഷത്തെകുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തെരുവു നായ ശല്യം കുറയ്ക്കുമെന്ന് അടുത്തിടെ തെലങ്കാനയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നായ്ക്കളെ കൊന്നതെന്നാണ് റിപ്പോർട്ടുകൾ. ജനുവരി ആദ്യ ആഴ്ചയും 300ഓളം നായ്ക്കളെ കൊന്നൊടുക്കിയതിനു 2 വനിതാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 9 പേർക്കെതിരെ കേസെടുത്തിരുന്നു.

അതേസമയം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കോ മരണമോ സംഭവിച്ചാൽ സർക്കാരിനും നായ്ക്കൾക്കു ഭക്ഷണം നൽകുന്നവർക്കും പിഴ ചുമത്തുമെന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി സൂചിപ്പിച്ചിരുന്നു. തെരുവുനായ്ക്കളുടെ അവസ്ഥയിൽ ആശങ്കയുള്ളവർ അവയെ അലഞ്ഞു തിരിയാനും പൊതുജനങ്ങളെ കടിക്കാനും അനുവദിക്കുന്നതിനു പകരം വീടുകളിലേക്കു കൊണ്ടുപോകണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്.

‘തെരുവുനായ കടിച്ചുണ്ടാകുന്ന പരുക്കിനും മരണത്തിനും അധികൃതർ നഷ്ടപരിഹാരം നൽകുമെന്നു കരുതുന്നു. നായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നുവെന്നു പറയുന്നവർക്കും ഇതിൽ ബാധ്യതയുണ്ടാകും’– ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. ‘9 വയസ്സുള്ള കുട്ടിയെ നായ്ക്കൾ ആക്രമിക്കുമ്പോൾ ആരാണ് ഉത്തരവാദികളാകേണ്ടത്? ഭക്ഷണം നൽകുന്ന സംഘടനയാണോ? പ്രശ്നത്തിനു നേരെ ഞങ്ങൾ കണ്ണടയ്ക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്’– ജസ്റ്റിസ് മേത്ത ചോദിച്ചു. വിഷയം 20നു വീണ്ടും പരിഗണിക്കും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.