പുൽപ്പള്ളി ∙ വയനാട് ചീയമ്പം ചെറിയ കുരിശ് ഭാഗത്ത് മാൻ ഇറച്ചിയും തോക്കുമായി കോൺഗ്രസ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ അഞ്ചു പേരെ വനം വകുപ്പ് അധികൃതർ പിടികൂടി. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചീയമ്പം ഭാഗത്ത് ചെറിയ കുരിശ് ഭാഗത്ത് നിന്നാണ് രണ്ടു പുള്ളിമാനുകളുടെ ജഡവും നാടൻ തോക്കും തിരകളുമായി ഇവർ സഞ്ചരിച്ച വാൻ ഉൾപ്പെടെ പിടികൂടിയത്.
കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് എൽദോസ് കണിയാംകുടി (54), മീനങ്ങാടി ബ്ലോക്ക് ജനറൽ സെക്രട്ടറി റജി പുളിങ്കുന്നേൽ (55), ജോസ് മാത്യു (50), സിബി പുറത്തോട്ട് (53), പാറക്കൽ ജോസഫ് സെബാസ്റ്റ്യൻ (ബിജു) എന്നിവരെയാണ് ഇരുളം ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി. അബ്ദുൽ ഗഫൂറും സംഘവും പിടികൂടിയത്.
രാത്രി പട്രോളിങ്ങിനിടെ വെടിയൊച്ച കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നായാട്ട് സംഘം പിടിയിലായത്. വ്യാഴാഴ്ച രാത്രി ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. രാജീവ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഈ മേഖലയിൽ വനംവകുപ്പ് നിരീക്ഷണം നടത്തിയത്.














