Kerala

കുടകിൽ ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായിട്ട് മൂന്നുദിവസം; മൊബൈൽ സ്വിച്ച് ഓഫ്, വ്യാപക തിരച്ചിൽ

കുടക് ( കർണാടക)∙ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ (36)യ്ക്കായി തിരച്ചിൽ തുടരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണു വ്യാഴാഴ്ച ഇവരെത്തിയത്. ബെട്ട വനമേഖലയിൽ അറുപതംഗ പൊലീസ്, വനംവകുപ്പ് സംഘമാണ് അന്വേഷണം നടത്തുന്നത്. നക്സൽ വിരുദ്ധ സേനയും ഒപ്പമുണ്ട്.

കൊച്ചിയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ശരണ്യ ഓൺലൈനായി ബുക്ക് ചെയ്തു ട്രെക്കിങ്ങിന് എത്തുകയായിരുന്നു. എന്നാൽ, കാട്ടാന ശല്യമുള്ളതിനാൽ ഒറ്റയ്ക്കു കടത്തിവിടാനാകില്ലെന്നു വനംവകുപ്പ് ജീവനക്കാർ അറിയിച്ചതോടെ യാവകപ്പാടിയിലെ ഹോംസ്റ്റേയിൽ മുറിയെടുത്തു. തുടർന്ന്, 10 അംഗ സംഘത്തോടൊപ്പം വ്യാഴാഴ്ച രാവിലെ വനത്തിലേക്കു പോയി.

വഴി തെറ്റിയെന്നറിയിച്ചു ശരണ്യയുടെ സന്ദേശം ഉച്ചയ്ക്കു 2നു ലഭിച്ചതായി ഹോം സ്റ്റേ അധികൃതർ പൊലീസിനെ അറിയിച്ചു. ഉടൻ കർണാടക വനം വകുപ്പും പൊലീസുമെല്ലാം തിരച്ചിൽ തുടങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ കണ്ടെത്താനായിട്ടില്ലെന്നു വനം ഡപ്യൂട്ടി കൺസർവേറ്റർ അഭിഷേക് പറഞ്ഞു. വഴിതെറ്റിയാലും സഞ്ചാരികൾ 2–3 മണിക്കൂർ കൊണ്ട് ട്രെക്കിങ് പാത കണ്ടെത്താറുണ്ടെന്നു പൊലീസ് പറയുന്നു. ശരണ്യയ്ക്കൊപ്പം പോയ പത്തംഗ സംഘം വ്യാഴം വൈകിട്ടു മടങ്ങിയെത്തി.കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്നു വിരമിച്ച വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകളാണു ശരണ്യ. ബെംഗളൂരുവിൽ എൻജിനീയറായ സഹോദരൻ ശ്യാം അടക്കമുള്ളവർ തിരച്ചിലിനു സന്നദ്ധരായി കുടകിലെത്തിയിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.