പുൽപള്ളി : കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കബനിക്കു കുറുകെ വിഭാവനം ചെയ്ത ബൈരക്കുപ്പ പാലം നിർമാണത്തിന് കേന്ദ്രാനുമതിയായി. തറക്കല്ലിട്ടശേഷം 32 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് പാലം നിർമാണത്തിനു പച്ചക്കൊടി കാണിച്ചത്. കേന്ദ്രത്തിന്റെ സേതുബന്ധൻ പദ്ധതിയിൽ പാലം നിർമാണത്തിന് 27 കോടി രൂപ അനുവദിച്ചു.
40 കോടിയുടെ പദ്ധതിയാണ് കേരളസർക്കാർ ആദ്യം കേന്ദ്രത്തിനു സമർപ്പിച്ചത്. എന്നാൽ കഴിഞ്ഞമാസം 8ന് ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയർ 27 കോടിയുടെ പരിഷ്കരിച്ച പദ്ധതി രൂപരേഖ തയാറാക്കി സമർപ്പിക്കുകയും അതിന് അനുമതി നൽകുകയുമായിരുന്നു. കേന്ദ്ര അടിസ്ഥാന റോഡ് വികസനഫണ്ടിൽനിന്ന് തുക അനുവദിക്കുന്നതിനാൽ അവരുടെ മാർഗനിർദേശങ്ങൾ പാലിച്ച് കേരള സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ പാലം നിർമാണം നടത്തണമെന്നാണ് നിർദേശം.
പാലം നിർമാണത്തിന് കർണാടക സർക്കാരും കേന്ദ്രത്തിന് താൽപര്യപത്രം നൽകിയിരുന്നു. സാമ്പത്തിക ബാധ്യതകളൊന്നും കർണാടകം വഹിക്കില്ല. പാലത്തിന്റെ അപ്രോച്ച്റോഡ് നിർമാണത്തിന് ഇരുഭാഗത്തും വേണ്ടിവരുന്ന സ്ഥലമെടുപ്പ്, നിർമാണം, മേൽനോട്ടം, അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം കേരളാ മരാമത്ത് വകുപ്പ് വഹിക്കണം. ഈ വ്യവസ്ഥകളെല്ലാം അംഗീകരിച്ചാണ് പാലം നിർമാണവുമായി മരാമത്ത് വകുപ്പ് മുന്നോട്ടുപോകുന്നത്. കബനിക്കു കുറുകെ പാലം നിർമിക്കാൻ 1994 സെപ്റ്റംബർ 24 നാണ് കേരള–കർണാടക മുഖ്യമന്ത്രിമാർചേർന്ന് തറക്കല്ലിട്ടത്.
അതിനുശേഷം വിവിധകാരണങ്ങളാൽ നിർമാണം ആരംഭിക്കാനായില്ല. വയനാട് എംപി പ്രിയങ്ക ഗാന്ധി താൽപര്യമെടുത്താണ് പാലം നിർമാണത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് അവർ പെരിക്കലൂരിലെത്തി സ്ഥലംസന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കി. പിന്നീട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരെ കണ്ട് പാലം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. സംസ്ഥാന മരാമത്ത് മന്ത്രി പി.കെ. ബഷീറും ഇക്കാര്യങ്ങളിൽ ഇടപെടൽ ശക്തമാക്കിയിരുന്നു. മരാമത്ത് വകുപ്പ് ചീഫ്എൻജിനീയർ ഉൾപ്പെട്ട സംഘം അടുത്തിടെ പെരിക്കല്ലൂർ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.