Latest

കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

ഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. റൂബി എന്ന യുവതിയും ഇവരുടെ കാമുകനായ വിശാൽ വിമലും (21) ആണ് പിടിയിലായത്. കൊലപാതകത്തിന് സഹായിച്ച രാജേഷ് കുശ്വാഹ എന്നയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഏപ്രിൽ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലേഷ് ജാതവ് (27) എന്നയാൾ ഭാര്യ റൂബിക്കും കുട്ടിക്കുമൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവേ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

തന്റെ ബാഗ് താഴെ വീണത് എടുക്കാനായി വണ്ടി നിർത്തിയപ്പോൾ രണ്ട് അജ്ഞാതർ വന്ന് ഭർത്താവിനെ വെടിവെച്ച ശേഷം കടന്നുകളഞ്ഞു എന്നായിരുന്നു റൂബി പോലീസിന് നൽകിയ മൊഴി. എന്നാൽ റൂബിയുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധിച്ച പോലീസ് നടത്തിയ ചോദ്യം ചെയ്യലിലൂടെയാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.റൂബി തന്റെ ബന്ധുവായ വിശാൽ വിമലുമായി കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്നു. വാട്ട്സ്ആപ്പ് കോളുകളിലൂടെയും ചാറ്റുകളിലൂടെയും ഇവർ നിരന്തരം ബന്ധം പുലർത്തിയിരുന്നു. തന്റെ ഭർത്താവ് ഈ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് റൂബി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂപ്രണ്ട് ഓഫ് പോലീസ് അസിത് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.പദ്ധതി പ്രകാരം, യാത്രയ്ക്കിടയിൽ റൂബി തന്റെ ബാഗ് മനപ്പൂർവ്വം ഒരു പ്രത്യേക സ്ഥലത്ത് താഴെയിടുകയും അത് എടുക്കാനായി ഭർത്താവിനോട് വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. നിലേഷ് വണ്ടി നിർത്തിയ ഉടൻ അവിടെ പതിയിരുന്ന വിശാലും സഹായിയും ചേർന്ന് നിലേഷിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പ്രതികളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച 12 ബോർ നാടൻ തോക്ക്, വെടിയുണ്ടകൾ, മോട്ടോർ സൈക്കിൾ, മൊബൈൽ ഫോണുകൾ എന്നിവ പോലീസ് കണ്ടെടുത്തു. സമാനമായ രീതിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ മറ്റൊരു സംഭവം മധ്യപ്രദേശിലെ ധാർ ജില്ലയിലും അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.