ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ ഇരട്ട പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. 11 വയസ്സുകാരികളായ റിദ്ധി, സിദ്ധി എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് ശശി രഞ്ജൻ മിശ്ര(48)നെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഫ്ലാറ്റിൽ വെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുട്ടികളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ മക്കളെ കൊന്നു എന്ന വിവരം അറിയിച്ചു.ബിഹാർ സ്വദേശിയായ ശശി രഞ്ജൻ ഭാര്യ രേഷ്മയ്ക്കും ഇരട്ട പെൺമക്കൾക്കും ആറ് വയസ്സുള്ള മകനുമൊപ്പമാണ് കാൺപുരിൽ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ശശി രഞ്ജനാണ് പെൺകുട്ടികളെ ഉറക്കാൻ കൊണ്ടുപോയത്. പുലർച്ചെ 2:30 ഓടെ ഒരു മകളെ ഇയാൾ ബാത്റൂമിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായും പിന്നീട് മുറിയിലെ ലൈറ്റുകൾ അണച്ചതായും രേഷ്മ പറഞ്ഞു. എന്നാൽ രണ്ടു മണിക്കൂറിനുശേഷം ഇയാൾ പോലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ച് മക്കളെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ, ശശി രഞ്ജൻ അപ്പോൾ മുറിക്കുള്ളിൽ തന്നെയുണ്ടായിരുന്നു.കൊലപാതകത്തിന് പിന്നിൽ ശശി രഞ്ജന്റെ കടുത്ത സംശയരോഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു. താൻ മക്കളെ നോക്കിക്കൊള്ളാമെന്നും ഭാര്യ മകനൊപ്പം താമസിക്കണമെന്നും ഇയാൾ നിരന്തരം പറഞ്ഞിരുന്നു.
ശശി രഞ്ജൻ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും വീടിനുള്ളിൽ സുരക്ഷയ്ക്കെന്ന പേരിൽ ഒന്നിലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്നും ഭാര്യ പറഞ്ഞു. പെൺമക്കളുടെ മുറിയിൽ പ്രവേശിക്കാൻ പോലും ഇയാൾ ഭാര്യയെ അനുവദിച്ചിരുന്നില്ല എന്നും ഇവർ പോലീസിനോട് പറഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.














