Kerala

അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത വേണം; മലിനമായ ജലാശയങ്ങളിൽ നീന്തരുത്, മുങ്ങിക്കുളിക്കരുത്

പാലക്കാട് ∙ വൃത്തിയില്ലാത്ത കുളങ്ങളിലും ജലാശയങ്ങളിലും പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കുകയോ നീന്തുകയോ, മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പ്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ സാഹചര്യത്തിലാണു നിർദേശം. നീന്തൽ കുളങ്ങളിൽ ശാസ്ത്രീയ ക്ലോറിനേഷൻ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ ഇത്തരം ജലാശയങ്ങളിൽ ഇറങ്ങാനുള്ള സാധ്യത മുൻനിർത്തിയാണു മുന്നറിയിപ്പ്.മലിനമായ ജലാശയങ്ങളിൽ അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായേക്കാവുന്ന രോഗാണുക്കൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. മുങ്ങിക്കുളിക്കുകയും നീന്തുകയും ചെയ്യുന്നതുവഴി ഇത്തരം രോഗാണുക്കൾ തലച്ചോറിലെത്തി രോഗബാധയ്ക്കു സാധ്യതയുണ്ട്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ, കർണപടത്തിലെ സുഷിരങ്ങൾ എന്നിവ വഴി രോഗകാരിയായ അമീബ തലച്ചോറിലേക്കെത്തും.

ലക്ഷണംപനി, തലവേദന, ഓക്കാനം, ഛർദി, ബോധക്കേട്, കഴുത്തു തിരിക്കാനുള്ള ബുദ്ധിമുട്ട് / വേദന, നടുവേദന എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അപസ്മാരം, ബോധക്ഷയം, പരസ്പര ബന്ധമില്ലാതെ സംസാരിക്കൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തിൽ തന്നെ ചികിത്സതേടി മരുന്നു കഴിച്ചിട്ടും പനി മാറുന്നില്ലെങ്കിലും ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിലും വിദഗ്ധ ചികിത്സതേടണം. സമീപകാലത്ത് കുളത്തിലോ മറ്റോ മുങ്ങിക്കുളിച്ചിട്ടുണ്ടെങ്കിൽ അക്കാര്യവും ഡോക്ടറെ അറിയിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ടി.വി.റോഷ് അറിയിച്ചു.നീന്തൽക്കുളങ്ങളി‍ൽ പാലിക്കേണ്ട ശുചിത്വം∙ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയണം∙നീന്തൽക്കുളത്തിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകി വൃത്തിയാക്കി പ്രതലം നന്നായി ഉണക്കണം∙ ഫിൽറ്ററുകൾ വൃത്തിയാക്കണം∙ പുതുതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിനു ശേഷമേ ഉപയോഗിക്കാവൂ∙ വെള്ളത്തിന്റെ അളവിനനുസരിച്ച് (1000 ലീറ്റർ വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിങ് പൗഡർ അനുപാതത്തിൽ) ക്ലോറിനേറ്റ് ചെയ്യണം.

പ്രതിരോധ മാർഗങ്ങൾ∙ നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കയറാതിരിക്കാൻ നോസ് ക്ലിപ് ഉപയോഗിക്കുക∙ തീം പാർക്കുകളിലെയും നീന്തൽ കുളങ്ങളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം∙ ശുദ്ധജല സംഭരണികളും വെള്ളം വിതരണത്തിന് എത്തിക്കുന്ന ടാങ്കറുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം∙ ജലവിതരണ ശൃംഖലകളിൽ ക്ലോറിൻ ലീറ്ററിന് അര മില്ലി ഗ്രാം അളവിൽ നിലനിർത്തണം∙ ജലസ്രോതസ്സുകൾ മാലിന്യരഹിതമാക്കണം∙ കിണർ വെള്ളം ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.