വയനാട്: പൂച്ച മാന്തിയതിനെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും കല്‍പറ്റ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതി. ഡോക്ടറിനോട് ചോദ്യം ചോദിച്ചത് ഇഷ്ടമാവാതെ ഒപി ചീട്ട് വലിച്ചുകീറിയതായും കുട്ടിക്ക് ചികില്‍സ നിഷേധിച്ചതായും പിതാവ് പറഞ്ഞു.വീട്ടിലെ വളര്‍ത്തുപൂച്ച മാന്തിയതിനെത്തുടര്‍ന്നാണ് കുട്ടിയുമായി രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. ഒ.പിയിലിരുന്ന ഡോക്ടറെ കണ്ടപ്പോള്‍ കുട്ടിക്ക് കുത്തിവയ്പ്പ് എടുക്കണമെന്നും അടുത്ത നാല് ദിവസം കൂടി വരണമെന്നും നിര്‍ദ്ദേശിച്ചു. ബാക്കി കുത്തിവയ്പ്പുകള്‍ വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് എടുക്കാന്‍ സാധിക്കുമോ എന്ന് സ്വാഭാവികമായി ചോദിച്ചതാണ് ഡോക്‌റിനെ പ്രകോപിതനാക്കിയത്. ചോദ്യം ഇഷ്ടപ്പെടാതിരുന്ന ഡോക്ടര്‍ കുട്ടിയുടെ പിതാവിനോട് ബഹളം വെച്ചു.’ഞങ്ങള്‍ ഡോക്ടര്‍മാരെല്ലാവരും കൂടി അങ്ങോട്ട് വന്ന് ചെയ്‌തേരാം’ എന്ന് പരിഹസിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ ‘വിഡ്ഢി ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടുണ്ടോ’ എന്ന് ആക്രോശിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. കുട്ടിയുടെ മുറിവ് പരിശോധിക്കാന്‍ പോലും ഡോക്ടര്‍ തയ്യാറായില്ലെന്നും പിതാവ് ആരോപിച്ചു. തര്‍ക്കത്തിനൊടുവില്‍ ഡോക്ടര്‍ ഒ.പി കാര്‍ഡ് കീറിക്കളയുകയും ചികില്‍സ നല്‍കില്ലെന്ന് നിലപാടെടുക്കുകയും ചെയ്തതോടെ കുടുംബം വലഞ്ഞുയതുടര്‍ന്ന് ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് മറ്റൊരു ഡോക്ടര്‍ എത്തി കുട്ടിക്ക് ചികിത്സ നല്‍കിയത്. ഡോക്ടറുടെ പക്കല്‍ നിന്ന് നേരിട്ട മാനസിക വിഷമത്തിനും ചികില്‍സ നിഷേധത്തിനുമെതിരെ ആരോഗ്യ വകുപ്പിനും ആശുപത്രി അധികൃതര്‍ക്കും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.














