കൊച്ചി ∙ മോഡലിങ് കെണി ഒരുക്കി മലയാളി യുവതികളെ വിദേശത്തേക്കു കടത്തിയതു മനുഷ്യക്കച്ചവട റാക്കറ്റ്. ഇങ്ങനെ വിദേശത്തേക്കു കൊണ്ടുപോയ യുവതികളിൽ ചിലർ കൊല്ലപ്പെട്ടതായി സംശയമുണ്ടെന്നും രക്ഷപ്പെട്ടു തിരികെയെത്തിയ ഇരകൾ വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ തിരുവനന്തപുരം പോങ്ങുവിള സ്വദേശി അലീന ഏബ്രഹാമിന്റെ (29) പങ്കാളിയായ കുപ്രസിദ്ധ ഗുണ്ടയെ അന്വേഷണ സംഘം തിരയുന്നു. ദേശവിരുദ്ധ സ്വഭാവമുള്ള വിദേശ ഏജൻസികളുമായി ഇയാൾക്കുള്ള ബന്ധമാണു കേസന്വേഷണത്തിലെ വഴിത്തിരിവ്. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) വിവരങ്ങൾ ശേഖരിച്ചു. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഹവാല വഴിയാണു നടത്തിയിട്ടുള്ളത്.റാക്കറ്റിന്റെ ഏജന്റ് ഗുരുവായൂർ സ്വദേശി സ്റ്റോയ്സി (സിന്ധു–56), പൊന്നാനി സ്വദേശി മഞ്ജിമ(25) എന്നിവരെയും കേസിൽ അറസ്റ്റ് ചെയ്തു. ലൈംഗിക ചൂഷണത്തിനായി യുവതികളെ കടത്തിയ സംഘത്തിലെ രണ്ടു മലയാളികൾ ഇപ്പോൾ ദുബായിലാണ്. ഇവരെയും കേസിൽ പ്രതി ചേർത്തു. ഇരകളായി വിദേശത്ത് എത്തിയ ചിലർ പിന്നീട് റാക്കറ്റിന്റെ ഏജന്റുമാരായും പ്രവർത്തിക്കുന്നുണ്ട്. റെയ്ഡിൽ പൊലീസ് പിടിച്ചെടുത്ത ഫോണുകളിൽ ഇവരുടെ വിദേശ ബന്ധത്തിനുള്ള ഡിജിറ്റൽ തെളിവുകളുണ്ട്. ബാങ്ക് ഇടപാട് രേഖകളും പരിശോധിക്കും. ഇരുപതിൽ അധികം യുവതികളുടെ ഗ്ലാമർ ചിത്രങ്ങളും ഫോണുകളിൽ കണ്ടെത്തി. ഇവരെ തിരിച്ചറിയാനും അന്വേഷണത്തോടു സഹകരിച്ചാൽ മൊഴി രേഖപ്പെടുത്താനും വനിത ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.














