ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനെത്തിയപ്പോൾ ചർച്ചാവിഷയങ്ങൾ പലതുണ്ടായിരുന്നിട്ടും ഇൻസിയ ഹേമാനിക്കേസിന്റെ കാര്യം പ്രത്യേകം പറയാൻ നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് യെറ്റൻ ശ്രദ്ധിച്ചു. 10 കൊല്ലം മുൻപ്, ആംസ്റ്റർഡാമിലെ വീട്ടിൽനിന്ന് ഡച്ച് പൗരത്വമുള്ള 2 വയസ്സുകാരി ഇൻസിയയെ ഇന്ത്യക്കാരനായ അച്ഛൻ ഷെഹ്സാദ് ഹേമാനി തട്ടിക്കൊണ്ടു പോയ കേസാണ് യെറ്റൻ ചർച്ചയ്ക്കിടെ എടുത്തിട്ടത്.
ഭാര്യ നാദിയയുമായി അകന്നു കഴിയുന്നതിനിടെ, 2016 സെപ്റ്റംബറിലാണ് അക്രമിസംഘത്തിന്റെ സഹായത്തോടെ ഷെഹ്സാദ് കുട്ടിയെ തട്ടിയെടുത്തത്. കുട്ടിയെ ഒപ്പം നിർത്താനുള്ള അവകാശം നാദിയയ്ക്കായിരുന്നു. ഷെഹ്സാദിന്റെ നിർദേശപ്രകാരം പട്ടാപ്പകൽ നാദിയയുടെ വീട്ടിലെത്തിയ സംഘം ബന്ധുക്കളെയും അയൽക്കാരെയും ആക്രമിച്ച് ഇൻസിയയെ കൈവശപ്പെടുത്തി. സംഭവം ഡച്ച് സമൂഹത്തെയാകെ ഞെട്ടിച്ചു.
നെതർലൻഡ്സിൽനിന്ന് ആദ്യം ജർമനിയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. ഇപ്പോൾ 12 വയസ്സുള്ള ഇൻസിയ പിതാവിനൊപ്പം ഇന്ത്യയിലാണ്. മകളെ തിരികെ കിട്ടാനായി നാദിയ 10 കൊല്ലമായി നിയമപോരാട്ടം നടത്തുന്നു. ഡച്ച് നിയമപ്രകാരം ഷെഹ്സാദ് പിടികിട്ടാപ്പുള്ളിയാണ്. അതിനുശേഷം മകളെ നേരിട്ടു കാണാൻ നാദിയയ്ക്കു കഴിഞ്ഞിട്ടില്ല. 2018 ലാണ് അവസാനം ഫോണിൽ സംസാരിച്ചത്. മോദിയുടെ സന്ദർശനവേളയിൽ നാദിയ മകളുടെ ചിത്രവുമായി നിൽപ്പുണ്ടായിരുന്നു.














