കൊച്ചി ∙ മോഡലിങ് കെണി ഒരുക്കി മലയാളി യുവതികളെ വിദേശ പെൺവാണിഭ റാക്കറ്റിനു വിൽപന നടത്തിയ കേസിലെ മുഖ്യപ്രതി ആലപ്പുഴ ചാരുംമൂട് സ്വദേശി എസ്.ശ്രീകുമാറും (ബിലാൽ–42) ഇരകളെ പീഡിപ്പിച്ചതായി മൊഴി. കേസിൽ പ്രതിയായ യുവതിയെയും പ്രതി പീഡിപ്പിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ലൈംഗികശേഷി പരിശോധന അന്വേഷണ സംഘം നടത്തി. കേസിൽ പ്രതിയായ യുവതികളിൽ ഒരാൾ അന്വേഷണത്തോടു സഹകരിച്ച് റാക്കറ്റിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
ഒന്നാം പ്രതി സ്റ്റോയ്സിയും (സിന്ധു–56) കേസിലെ പങ്കാളിത്തം സമ്മതിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ സിന്ധുവിന്റെ രഹസ്യ മൊഴി മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തും. പ്രതിപ്പട്ടികയിലുള്ള രണ്ടാം പ്രതി ഷംല, അഞ്ചാം പ്രതി റഹ്മത്ത് എന്നിവർ ദുബായിലാണ്. അറസ്റ്റിലാകും എന്ന് ഉറപ്പായതോടെ ഇവരിൽ ഒരാൾ അമിതമായി ഉറക്കഗുളിക കഴിച്ചതായി വിവരമുണ്ട്. ദുബായിലെ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ ആരോഗ്യനില സുരക്ഷിതമാണെന്ന് അറിയുന്നു. കേസിലെ പ്രതിപ്പട്ടികയിലുള്ള ഒരാൾ മാപ്പുസാക്ഷിയാകാനും സാധ്യതയുണ്ട്.
മലയാളി യുവതികളെ മാത്രമല്ല ഈ റാക്കറ്റ് ദുബായിലേക്കു കടത്തിക്കൊണ്ടുവന്നു പെൺവാണിഭ റാക്കറ്റിനു വിൽക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും അയൽ രാജ്യങ്ങളിലെയും പെൺകുട്ടികളെയും യുവതികളെയും ഇവർ കടത്തിയിട്ടുണ്ട്.














