വാഷിങ്ടണ്‍: വിമര്‍ശനങ്ങളെ പരിഹസിച്ച് ട്രംപ് പുതിയ ഐഐ വിഡിയോയുമായി രംഗത്ത്. ‘ട്രംപ് ഡീറേഞ്ച്‌മെന്റ് സിന്‍ഡ്രോം’ എന്ന പേരിലാണ് വിഡിയോയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തിയിരിക്കുന്നത്. ട്രംപിനോടും അദ്ദേഹത്തിന്റെ ഭരണത്തോടും കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ പരിഹസിക്കാന്‍ ട്രംപും അനുകൂലികളും പൊതുവെ ഉപയോഗിക്കുന്ന പ്രയോഗമാണ് ‘ട്രംപ് ഡീറേഞ്ച്‌മെന്റ് സിന്‍ഡ്രോം’. ഡോക്ടറുടെ കോട്ടും സ്റ്റെതസ്‌കോപ്പും ധരിച്ച്, ഒരു ഡോക്ടറായാണ് വിഡിയോയില്‍ ട്രംപ് പ്രത്യക്ഷപ്പെടുന്നത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് വിഡിയോ പങ്കുവച്ചത്.
വൈറ്റ് ഹൗസ് ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാന്‍ സ്‌കവിനോ ജൂനിയര്‍ എക്‌സിലും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്കോ നിങ്ങള്‍ക്കറിയാവുന്ന ആര്‍ക്കെങ്കിലും ടിഡിഎസ് ബാധിച്ചിട്ടുണ്ടോ ? അതിന്റെ ലക്ഷണങ്ങള്‍ കഠിനമായിരിക്കാം. ഭാഗ്യവശാല്‍, ഞാന്‍ ഡോക്ടര്‍ ട്രംപാണ്. എന്റെ പക്കല്‍ ഇതിനൊരു ചികിത്സയുണ്ട്. എന്റെ രോഗികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നമുക്ക് കേള്‍ക്കാം, ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ട്രംപ് വിഡിയോ തുടങ്ങുന്നത്.ട്രംപിനെ കാലങ്ങളായി പരസ്യമായി വിമര്‍ശിക്കുന്ന പ്രമുഖ ഹോളിവുഡ് താരങ്ങളെയാണ് വിഡിയോയില്‍ രോഗികളായി ചിത്രീകരിച്ചിരിക്കുന്നത്. റോസി ഒഡോണല്‍, ജോണ്‍ ലെഗുസാമോ, വൂപ്പി ഗോള്‍ഡ്‌ബെര്‍ഗ്, റോബര്‍ട്ട് ഡി നീറോ, ജൂലിയ റോബര്‍ട്ട്‌സ്, എഡ്വേര്‍ഡ് നോര്‍ട്ടന്‍ തുടങ്ങിയ പ്രമുഖരുടെ എഐ രൂപങ്ങള്‍ വിഡിയോയിലുണ്ട്. ‘ട്രംപ് ഡീറേഞ്ച്‌മെന്റ് സിന്‍ഡ്രോം’ ചികിത്സയ്ക്ക് ശേഷം തങ്ങള്‍ക്കുണ്ടായ മാറ്റങ്ങള്‍ ഇവര്‍ പങ്കുവയ്ക്കുന്ന രീതിയിലാണ് വിഡിയോ. അവസാനം രോഗം മാറാനുള്ള ചില വഴികളും പറയുന്നുണ്ട്. വ്യാജ വാര്‍ത്തകള്‍ കാണുന്നത് നിര്‍ത്തുക, പ്രാര്‍ഥിക്കുക. ഇനി എപ്പോഴെങ്കിലും വിഷമം തോന്നിയാല്‍ എന്നെപ്പോലെ ഒരു ഡയറ്റ് കോക്ക് കുടിക്കൂ. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റം കാണാം, എന്നാണ് ട്രംപ് പറയുന്നത്.














