ന്യൂഡൽഹി: രാജ്യത്ത് കാൻസർ ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 137 ക്യാൻസർ മരുന്നുകളുടെ വിലയിൽ കുറവ് വരുന്നു. നവംബർ 9 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. മരുന്നുകളുടെ വിതരണത്തിലും വിൽപ്പനയിലും ഈടാക്കുന്ന ലാഭവിഹിതം ക്രമീകരിക്കുന്ന ‘ട്രേഡ് മാർജിൻ റാഷണലൈസേഷൻ’ (TMR) പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
പുതിയ തീരുമാനം നടപ്പിലാകുന്നതോടെ തെരഞ്ഞെടുത്ത കാൻസർ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ (MRP) 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള വില ഘടനയെ ആശ്രയിച്ചായിരിക്കും ഓരോ മരുന്നിന്റെയും വിലക്കുറവിന്റെ തോത് നിശ്ചയിക്കുക. കൂടാതെ, വ്യാപാരികളുടെ ലാഭവിഹിതം മരുന്നുകളുടെ എം.ആർ.പി.യുടെ 30 ശതമാനമായി പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇമ്യൂണോതെറപ്പി മരുന്നുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള മരുന്നുകൾ ഈ വിലനിയന്ത്രണ പരിധിയിൽ വരും. സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ, വൻകുടലിലെ ക്യാൻസർ, അണ്ഡാശയ ക്യാൻസർ, ഗർഭാശയഗള ക്യാൻസർ (സെർവിക്കൽ ക്യാൻസർ) എന്നിവയുടെ ചികിത്സയ്ക്കുള്ള പ്രധാന മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു.
ഇമ്യൂണോതെറപ്പി മരുന്നുകൾ: 20-ലധികം തരത്തിലുള്ള ക്യാൻസറുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നവ.