Entertainment

‘ദേശീയ അവാർഡ് വാങ്ങിയത് ചാണകം പുരണ്ട നഖങ്ങളുമായി’; ചാണക വറളി ഉണ്ടാക്കാൻ പഠിച്ച അനുഭവം പറഞ്ഞ് നിത്യ മേനോൻ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നിത്യ മേനോൻ. ധനുഷ് ചിത്രം ‘ഇഡ്ഡലി കടൈ’ ആണ് നിത്യയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഇപ്പോഴിതാ ജീവിതത്തിലാദ്യമായി ചാണകം കൈയിലെടുത്ത അനുഭവം പങ്കുവയ്ക്കുകയാണ് നടി നിത്യ മേനോൻ. ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ തന്റെ നഖങ്ങളിൽ ചാണകത്തിന്റെ അംശങ്ങളുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.

ധനുഷ് സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ‘ഇഡ്ഡലി കടൈ’ ഒക്ടോബറിലാണ് റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് അണിയറപ്രവർത്തകരിപ്പോൾ. “ഇഡ്ഡലി കടൈയ്ക്ക് വേണ്ടി ചാണക വറളിയുണ്ടാക്കാന്‍ പഠിച്ചു. ചെയ്യാന്‍ തയ്യാറാണോയെന്ന് അവര്‍ എന്നോട് ചോദിച്ചു. തീര്‍ച്ചയായും എന്ന് ഞാന്‍ മറുപടി നല്‍കി.അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ചാണക വറളിയുണ്ടാക്കാനും വെറും കൈ കൊണ്ട് അത് ഉരുട്ടാനും പഠിച്ചു.”- നിത്യ മേനോൻ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിന് തലേദിവസവും ഞാന്‍ ആ സീന്‍ ചെയ്തിരുന്നു. അവാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോള്‍ എന്റെ നഖങ്ങളില്‍ ചാണകമുണ്ടായിരുന്നു. ചിത്രത്തില്‍നിന്ന് എനിക്ക് ഒരുപാട് വ്യത്യസ്തമാർന്ന അനുഭവങ്ങള്‍ ലഭിച്ചു. അല്ലെങ്കില്‍ എനിക്ക് ഇങ്ങനെ ഒരു അവസരം ലഭിക്കുമായിരുന്നില്ല”.- നിത്യ കൂട്ടിച്ചേര്‍ത്തു.

ധനുഷ് തന്നെയാണ് ‘ഇഡ്ഡലി കടൈ’യുടെ രചനയും നിര്‍വഹിക്കുന്നത്. ധനുഷിനും നിത്യ മേനോനും പുറമേ അരുണ്‍ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, പാര്‍ഥിപന്‍, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.

ജി വി പ്രകാശ് കുമാറാണ് സംഗീതം. ‘തിരുച്ചിത്രമ്പല’ത്തിന് ശേഷം ധനുഷും നിത്യ മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘തിരുച്ചിത്രമ്പല’ത്തിലെ അഭിനയത്തിന് നിത്യയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts