Kerala

വഴിതടഞ്ഞ് കാട്ടാനക്കൂട്ടം, സ്‌കൂളില്‍നിന്ന് മടങ്ങിയ കുട്ടികള്‍ കുടുങ്ങി

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയ കുട്ടികളുടെ വഴി തടഞ്ഞ് കാട്ടാനക്കൂട്ടവും ഒറ്റയാനും. ഇടുക്കി ശാന്തന്‍പാറ കോഴിപ്പനക്കുടിയിലെ രവിയുടെ മക്കളായ പവിത്ര, രഞ്ജിത്ത്, രാജപ്രഭുവിന്റെ മകന്‍ കാര്‍ത്തി എന്നിവരാണ് കാട്ടാനകള്‍ റോഡിലിറങ്ങിയത് മൂലം വീട്ടില്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടിലായത്. സേനാപതിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

പന്നിയാര്‍ വരെ സ്‌കൂള്‍ ബസില്‍ എത്തിയ ശേഷം ഒന്നര കിലോമീറ്റര്‍ നടന്നു വേണം ഇവര്‍ക്ക് കോഴിപ്പനക്കുടിയിലെ വീട്ടിലെത്താന്‍. വൈകുന്നേരം കുട്ടികള്‍ പന്നിയാറില്‍ എത്തും മുന്‍പ് റോഡില്‍ കാട്ടാനയുണ്ടോ എന്ന് അന്വേഷിക്കാന്‍ പോയ കോഴിപ്പനക്കുടി സ്വദേശികളും ഇവരുടെ ബന്ധുക്കളുമായ ജയകുമാര്‍, കണ്ണന്‍ എന്നിവരെ കാട്ടാനക്കൂട്ടം ഓടിച്ചിരുന്നു. കഷ്ടിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. വൈകിട്ട് നാലരയോടെ പന്നിയാറില്‍ എത്തിയ കുട്ടികളുടെ വഴിമുടക്കി കാട്ടാനക്കൂട്ടം റോഡില്‍ തന്നെ നിലയുറപ്പിച്ചു. നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനകളെ തുരത്തിയശേഷം ആറരയോടെയാണ് കുട്ടികള്‍ വീടുകളില്‍ എത്തിയത്.കഴിഞ്ഞ ദിവസം രാവിലെ കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോഴും പ്രദേശത്ത് 5 പിടിയാനകളുടെ കൂട്ടവും ചക്കക്കൊമ്പനും ഉണ്ടായിരുന്നു. കോഴിപ്പനക്കുടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അധികം ദൂരെയുള്ള പന്തടിക്കളത്തെ അംഗന്‍വാടിയില്‍ കാട്ടാനകളെ പേടിച്ച് കോഴിപ്പനക്കുടിയിലെ കുട്ടികള്‍ അങ്കണവാടിയില്‍ പോകാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.