തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് ജില്ലയിൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു.
കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ജില്ലയിലെ പ്രഫഷണൽ കോളജുകൾ, സ്കൂളുകൾ, കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമാണ്. അതേസമയം, പ്രഫഷണൽ, സർവകലാശാല, മറ്റ് വകുപ്പ് പരീക്ഷകൾ എന്നിവയുൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പരീക്ഷയുടെ സമയത്തിലും മാറ്റമുണ്ടാകില്ല എന്ന് കലക്ടർ അറിയിച്ചു.കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. ജില്ലയിൽ കനത്തമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ജൂലൈ 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കും; ജൂലൈ 21 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.