തിരുവനന്തപുരം ∙ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്ക്കൊപ്പം കറങ്ങാൻ കാർ മോഷ്ടിച്ച 20കാരൻ തിരുവനന്തപുരത്ത് അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി സാബിത്തിനെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. ഇൻസ്റ്റാഗ്രാം ചാറ്റിലൂടെ അടുപ്പത്തിലായ വീട്ടമ്മയ്ക്കൊപ്പം കറങ്ങാനായാണ് മൂവാറ്റുപുഴയിൽ നിന്ന് കാർ മോഷ്ടിച്ച സാബിത്ത് തിരുവനന്തപുരത്തെത്തിയത്.
രണ്ട് കുട്ടികളുടെ അമ്മയായ പൂന്തുറ സ്വദേശിനിക്കൊപ്പം കാറിൽ കറങ്ങവെയാണ് സാബിത്തിനെ പൊലീസ് പിടികൂടിയത്. വെള്ളൂർക്കുന്നം വാഴപ്പിള്ളി കുരുട്ടുകാവിൽ വീടിന്റെ പോർച്ചിൽ കിടന്ന കാറാണ് സാബിത്ത് മോഷ്ടിച്ചത്. തിരുവനന്തപുരത്തെത്തിയ ശേഷം, തൈക്കാട് സ്വദേശിയായ അഭിഭാഷകന്റെ കാറിന്റെ നമ്പർപ്ലേറ്റ് മോഷ്ടിച്ചു. അതാണ് മോഷ്ടിച്ച കാറിൽ വച്ചിരുന്നത്.
നമ്പർപ്ലേറ്റ് മോഷണവുമായി ബന്ധപ്പെട്ട പരാതിയിലാണ് യുവാവ് അറസ്റ്റിലാകുന്നത്. നമ്പർപ്ലേറ്റ് മോഷ്ടിച്ചതിൽ കേസ് റജിസ്റ്റർ ചെയ്ത ശേഷം സാബിത്തിനെയും കാറിനെയും മൂവാറ്റുപുഴ പൊലീസിനു കൈമാറി. തമ്പാനൂർ എസ്എച്ച്ഒ ജിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സാബിത്തിനെ പിടികൂടിയത്.