Kerala

ഡ്യൂട്ടിക്കു മുൻപ് കെഎസ്ആർടിസി ജീവനക്കാർ ‘ഫിറ്റ്’; ബ്രത്തലൈസറിൽ കുടുങ്ങി, പ്രതി തേൻവരിക്ക

പന്തളം ∙ ഡ്യൂട്ടിക്കു മുൻപ് ചക്കപ്പഴം കഴിച്ച കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാർ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങി. മദ്യപിച്ചില്ലെന്ന് ഡ്രൈവർ അധികൃതരോട് ഉറപ്പിച്ചു പറഞ്ഞെങ്കിലും മദ്യപാനം കണ്ടെത്താനുള്ള ഉപകരണത്തെ അവിശ്വസിക്കാനും വയ്യാത്ത അവസ്ഥയിലായി അധികൃതർ. പിന്നീട് പ്രതി ആരെന്നു കണ്ടെത്താൻ ഒരു ടെസ്റ്റ് കൂടി നടത്തി.

നേരത്തെ നടത്തിയ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞ ഒരു ജീവനക്കാരനെ വിളിച്ചു ചക്കപ്പഴം കഴിപ്പിച്ചു. പിന്നീടുള്ള പരിശോധനയിൽ അദ്ദേഹവും ‘ഫിറ്റ്’. തേൻവരിക്കയാണു പ്രതിയെന്നുറപ്പിച്ചു. ഇതോടെ ബ്രത്തലൈസറിൽ കുടുങ്ങിയവരെല്ലാം നിരപരാധികൾ.

മധുരമുള്ള പഴുത്ത തേൻ വരിക്ക സഹപ്രവർത്തകർക്ക് കൂടി നൽകണമെന്നു കരുതിയാണ് പന്തളം കെഎസ്ആർടിസിയിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി ഇന്നലെ ചക്കപ്പഴവുമായെത്തിയത്. രാവിലെ 6ന് ഡ്യൂട്ടിക്കിറങ്ങും മുൻപ് ഡ്രൈവർമാരിലൊരാളാണ് ആദ്യം ചക്കപ്പഴം കഴിച്ചത്. ഇദ്ദേഹമാണ് ആദ്യം ബ്രത്തലൈസറിൽ കുടുങ്ങിയത്. നല്ല മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയും. പുളിക്കാൻ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ ചക്കപ്പഴത്തിലുണ്ട്. എന്നാൽ ചക്കപ്പഴം ആ അവസ്ഥയിൽ കഴിക്കാൻ പോലും പ്രയാസമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.