സുൽത്താൻ ബത്തേരി: വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിച്ച പാസ്റ്റർക്ക് നേരെ വയനാട്ടിൽ ഒരു സംഘം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയതായി പരാതി. കഴിഞ്ഞ ഏപ്രിൽ മാസം ബത്തേരി ടൗണിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
“ഇനി അടിയില്ല, ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും” എന്ന് ആക്രോശിച്ച് സംഘം പാസ്റ്ററെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.പ്രാർത്ഥനയുടെയും വെക്കേഷൻ ക്ലാസിന്റെയും ഭാഗമായി വീടുകൾ സന്ദർശിച്ച് നോട്ടീസ് നൽകുന്നതിനിടെയാണ് പാസ്റ്റർക്കെതിരെ ആക്രമണ ശ്രമവും ഭീഷണിയുമുണ്ടായത്.
മതപരിവർത്തനം നടത്താനാണ് പാസ്റ്റർ എത്തിയതെന്ന് ആരോപിച്ചായിരുന്നു ബജ്‌റംഗ്‌ദൾ പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞുവെച്ചത്.പുറത്തുവന്ന ദൃശ്യങ്ങളിൽ, ഒരു സംഘം ആളുകൾ പാസ്റ്ററെ തടഞ്ഞുനിർത്തി വിരൽചൂണ്ടി ഭീഷണിപ്പെടുത്തുകയും കയർത്തു സംസാരിക്കുകയും ചെയ്യുന്നത് വ്യക്തമാണ്. സംഭവം പഴയതാണെങ്കിലും, ദൃശ്യങ്ങൾ ഇപ്പോൾ വീണ്ടും പ്രചരിച്ചതോടെയാണ് വിഷയം ചർച്ചയായത്.ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നോ എന്നതിലും തുടർനടപടികൾ സ്വീകരിച്ചിരുന്നോ എന്നതിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.