ഡബ്ലിൻ ∙ ‘ എനിക്ക് എന്റെ മകളെ സംരക്ഷിക്കാനായില്ല. ഇങ്ങനെ ഒരു സംഭവം ഒരിക്കലും ഉണ്ടാകില്ലെന്നാണ് കരുതിയത്. അവൾ ഇവിടെ സുരക്ഷിതയാണെന്നു കരുതി. വീട്ടിൽപോലും സുരക്ഷിതയല്ലെന്നു മനസ്സിലായി’–വേദനയോടെ അനുപ അച്യുതൻ പറയുന്നു. അയർലൻഡിൽ ഒരുകൂട്ടം ആൺകുട്ടികൾ വംശീയമായി ആക്രമിച്ച 6 വയസ്സുകാരിയായ മലയാളി പെൺകുട്ടി നിയ നവീനിന്റെ അമ്മയാണ് നഴ്സായ അനുപ. ആക്രമണത്തിന്റെ ഞെട്ടലിലാണ് കുടുംബം
അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിലുള്ള വീടിനു വെളിയിൽ രാവിലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണു നിയയെ ആക്രമിച്ചത്. കുട്ടിയുടെ മുഖത്തും കഴുത്തിലും അടിച്ചു. സൈക്കിൾ കൊണ്ട് ഇടിച്ചു. ‘വൃത്തികെട്ട ഇന്ത്യക്കാരിയെന്നും, ഇന്ത്യയിലേക്ക് പോകാനും’ ആക്രോശിച്ചു. ജനുവരിയിലാണ് ഈ വീട്ടിലേക്ക് മാറിയതെന്നും പുതിയ സുഹൃത്തുക്കളെ കിട്ടിയ സന്തോഷത്തിലായിരുന്നു മകളെന്നും അനുപ പ്രാദേശിക മാധ്യമമായ ‘ഐറിഷ് മിററിനോട്’ പറഞ്ഞു.
‘മകൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. ദുഃസ്വപ്നങ്ങൾ കണ്ട് ഉണരുന്നു. അവൾക്ക് പരമാവധി ആശ്വാസം കൊടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്’– അനുപ പറയുന്നു. നിയ വീടിനു പുറത്ത് കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു. 10 മാസം പ്രായമുള്ള ഇളയ കുട്ടിയെ നോക്കാനായി അനുപ വീടിന് അകത്തേക്ക് കയറിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അനുപയുടെ ഭർത്താവ് ജോലിക്ക് പോയിരിക്കുകയായിരുന്നു.
‘വീടിനു മുന്നിലായതിനാൽ മകൾ സുരക്ഷിതയാണെന്നാണ് കരുതിയത്. അവളുടെ കൂട്ടുകാരും കൂടെയുണ്ടായിരുന്നു. പെട്ടെന്നാണ് മകൾ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി വന്നത്. അവൾ ഭയപ്പെട്ടിരുന്നു. അവളെ ഒരു കൂട്ടം ആൺകുട്ടികള്‍ ആക്രമിച്ചതായി കൂടെ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് പറഞ്ഞത്. ആ കുട്ടികളും ഭയന്നുപോയി. പുറത്തേക്ക് ചെന്നപ്പോൾ ആൺകുട്ടികളെ കണ്ടു. അവർ എനിക്കു നേരെയും ആക്രോശിച്ചു. 12, 14 വയസ്സുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്’–അനുപ പറഞ്ഞു.
ചെറിയ കുട്ടികളായതിനാൽ അവരെ ശിക്ഷിക്കരുതെന്നു അനുപ പറയുന്നു. പക്ഷേ, മറ്റുള്ള കുട്ടികളോട് എങ്ങനെ പെരുമാറണം എന്ന് അവരെ പഠിപ്പിക്കണം. ഒരു പ്രകോപനവുമില്ലാതെയാണ് മകളെ ആക്രമിച്ചത്. അത് അംഗീകരിക്കാൻ കഴിയില്ല. കുട്ടികൾ ഇങ്ങനെ അക്രമം കാണിച്ചാൽ അത് തടയേണ്ടതുണ്ട്. ഇന്ത്യക്കാരിയായതിലും ഐറിഷ് പൗരത്വം കിട്ടിയതിലും അഭിമാനിക്കുന്നു. പൗരത്വം ഉണ്ടായിട്ടും ഇന്ത്യയിലേക്ക് പോകാൻ ആക്രോശിച്ചത് വേദനിപ്പിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യക്കാർക്കുനേരെ അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങളുടെ വിവരങ്ങൾ സുഹൃത്തുക്കൾ പറയാറുണ്ടെന്നും അനുപ പറഞ്ഞു. കോട്ടയം സ്വദേശിയായ അനുപ 8 വർഷം മുൻപാണു ഭർത്താവിനൊപ്പം അയർലൻഡിൽ എത്തിയത്.