ഫ്ളോറിഡ ∙ സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ഒരു സംശയമാണ് നിമിഷങ്ങൾക്കകം ലോകത്തെ ഞെട്ടിച്ചത്. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു പതിമൂന്നുവയസ്സുകാരനായ വിദ്യാർഥിയുടെ ചോദ്യം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം.
സ്കൂളിലെ കംപ്യൂട്ടറിൽ ലോഗിൻ െചയ്ത കുട്ടി ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. ‘‘ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം?’’. നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി.
പിന്നാലെ ഉദ്യോഗസ്ഥൻ എത്തി വിദ്യാർഥിയെ ചോദ്യം ചെയ്തു. താൻ തമാശക്കായി ചെയ്തതാണെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥനു നൽകിയ മൊഴി. എന്നാൽ സ്കൂൾ അധികൃതരും പൊലീസ് ഉദ്യോഗസ്ഥനും സംഭവത്തെ തള്ളികളഞ്ഞില്ല. വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി. വിലങ്ങണിയിച്ച് കുട്ടിയെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.