Entertainment

വിവാഹം കഴിക്കാൻ വജ്രം കണ്ടെത്തണം; ‘നിധി തേടി’ യുവതി തിരഞ്ഞത് ആഴ്ചകളോളം, ഒടുവിൽ സന്തോഷക്കണ്ണീർ

ന്യൂയോർക്ക്∙ യുഎസിലെ അർക്കൻസസിലുള്ള പാർക്കിൽ ന്യൂയോർക്കുകാരിയായ മിഷേറെ ഫോക്സ് എന്ന 31 വയസ്സുകാരി എത്തിയത് ഒരു വജ്രം തിരഞ്ഞാണ്. മിഷേറെയ്ക്ക് ഒരു ശാഠ്യമുണ്ടായിരുന്നു. സ്വന്തമായി ഒരു വജ്രം കണ്ടെത്തിയ ശേഷമേ വിവാഹനിശ്ചയമോതിരം പണിയൂ. അതു കഴിഞ്ഞാലേ വിവാഹവും കഴിക്കൂ. മിഷേറെയുടെ കാമുകന് അതു സമ്മതവുമായിരുന്നു.

അർക്കൻസസിൽ വജ്രസാന്നിധ്യമുള്ള ക്രേറ്റർ ഓഫ് ഡയമണ്ട്സ് പാർക്കിലേക്കാണു മിഷേറെ പോയത്. മിഷേറെയ്ക്കു നേരത്തെ ഒരു വജ്രം പൂർണരൂപത്തിൽ കണ്ടുള്ള പരിചയമൊന്നും ഇല്ലായിരുന്നു. എന്നാലും അവർ 37 ഏക്കറുള്ള പാർക്കിൽ അവിടെയുമിവിടെയുമെല്ലാം ഇടവേളകളില്ലാതെ തപ്പിനടന്നു.ക്രേറ്റർ ഓഫ് ഡയമണ്ട്സ് പാർക്കിൽ വജ്രങ്ങൾ തിരയാൻ പൊതുജനങ്ങൾക്ക് അനുവാദമുണ്ട്. ലോകത്തിൽ ഇത്തരത്തിലുള്ള ഒരേയൊരിടം ഈ പാർക്കാണെന്നു പറയാം.

ഇവിടെ നിന്നു കണ്ടെത്തുന്ന വജ്രങ്ങൾ സ്വന്തമാക്കാനും കൊണ്ടുപോകാനും ആളുകൾക്കു പറ്റും. മോട്ടറുകളും ബാറ്ററികളുമൊന്നുമില്ലാത്ത ഉപകരണങ്ങളും പിക്കാസും തൂമ്പയുമൊക്കെ കൊണ്ടുവരാനും അവസരമുണ്ട് ഇവിടെ. ആഴ്ചകളോളം തിരച്ചിൽ നടത്തിയെങ്കിലും മിഷേറെയ്ക്കു വജ്രം ലഭിച്ചില്ല. മറ്റാരെങ്കിലുമായിരുന്നെങ്കിൽ നിർത്തി പോയേനേ. എന്നാൽ മിഷേറെ പിൻവാങ്ങിയില്ല. ഒടുവിൽ തിരച്ചിൽ കാലത്തിന്റെ അവസാനദിനത്തോടനുബന്ധിച്ച് അവർക്കു വജ്രം കിട്ടുക തന്നെ ചെയ്തു. ഇതു യഥാർഥ വജ്രമാണെന്നു പാർക്ക് അധികൃതർ കണ്ടെത്തിയപ്പോൾ മിഷേറെ ആദ്യം കരഞ്ഞു, പിന്നീട് സന്തോഷത്തിൽ പൊട്ടിച്ചിരിച്ചു.എല്ലാം പണം കൊടുത്തുവാങ്ങാൻ പറ്റില്ലെന്ന തത്വശാസ്ത്രമാണ് തന്നെ ഇതിനു പ്രേരിപ്പിച്ചതെന്നു മിഷേറെ പറയുന്നു. വിവാഹം കഴിച്ച ശേഷം പണമില്ലാത്ത അവസ്ഥ വന്നേക്കാം. അന്നു കഠിനാധ്വാനം ഉണ്ടാകണം. ഇതു തന്നെത്തന്നെ ഓർമിപ്പിക്കാനാണ് ഈ നിർബന്ധം താൻ വച്ചുപുലർത്തിയതെന്നും അവർ പറഞ്ഞു.

‌1906 മുതൽ ഈ പാർക്കിൽനിന്ന് 75000 വജ്രങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണു കണക്ക്. ഈ വർഷം തന്നെ 366 വജ്രങ്ങളോളം കണ്ടെത്തി. ഇവിടെ നിന്നു കണ്ടെത്തിയ ഏറ്റവും വലിയ വജ്രത്തിന്റെ പേര് അങ്കിൾ സാം എന്നാണ്.40.23 കാരറ്റ് വജ്രമാണ് ഇത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.