ആങ്കെറിജ് (അലാസ്ക, യുഎസ്) ∙ യുക്രെയ്നിനും ലോകത്തിനും സമാധാന പ്രതീക്ഷ പകർന്ന് യുഎസിലെ അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള ചർച്ചയ്‌ക്ക് തുടക്കം. അലാസ്കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എൽമണ്ടോർഫ്–റിച്ചഡ്സണിൽ നടക്കുന്ന ഉച്ചകോടിയിൽ ഡോണൾഡ് ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേകദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുക്കുന്നു. വ്ലാഡിമിർ പുട്ടിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്, വിദേശകാര്യ നയവിദഗ്ധൻ യൂറി ഉഷകോവ് എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നു. നേരത്തെ ഡോണൾഡ് ട്രംപും വ്ലാഡിമിർ പുട്ടിനും അടച്ചിട്ട മുറിയിൽ ഒറ്റയ്‌ക്ക് ചർച്ച നടത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. മൂന്നര വർഷമായി തുടരുന്ന യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗം തേടിയാണ് ട്രംപും പുട്ടിനും തമ്മിലുള്ള ചർച്ച.
മോസ്കോയിൽനിന്ന് മഗദാൻ എന്ന റഷ്യൻ നഗരത്തിലെത്തി അവിടെനിന്നാണ് പുട്ടിൻ അലാസ്കയിലേക്കു പുറപ്പെട്ടത്. യുഎസിന്റെ വടക്കുപടിഞ്ഞാറേ അറ്റത്തുള്ള അലാസ്ക ഭൂമിശാസ്ത്രപരമായി റഷ്യയോട് അടുത്താണ്. മഗദാൻ – അലാസ്ത യാത്രയ്ക്ക് 4 മണിക്കൂർ മതി. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ അലാസ്കയിൽ ആദ്യമെത്തിയ ട്രംപ്, പുട്ടിന്റെ വരവിനായി കാത്തു. വ്യോമതാവളത്തിന്റെ ടാർമാക്കിൽ വച്ച് പുട്ടിനെ ട്രംപ് ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. 6 വർഷത്തിനു ശേഷമാണ് ട്രംപും പുട്ടിനും നേരിട്ടു കാണുന്നത്. തുടർന്ന് ചർച്ചാവേദിയിലേക്ക് ഇരുവരും ട്രംപിന്റെ കാറിലാണ് നീങ്ങിയത്. യുഎസിന്റെ ബി2, എഫ്22 യുദ്ധവിമാനങ്ങൾ പുടിനെ ആകാശാഭിവാദ്യം ചെയ്തു. ശീതയുദ്ധകാലത്ത് റഷ്യയെ ലക്ഷ്യമിട്ട് യുഎസ് നിർമിച്ച വിമാനങ്ങളാണിവ.
ഉച്ചകോടിയിലേക്ക് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ക്ഷണിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. യുക്രെയ്നെക്കൂടി ഉൾപ്പെടുത്തിയുള്ള സമാധാനചർച്ചയിലേക്കുള്ള പാലമായി അലാസ്ക ഉച്ചകോടി മാറുമെന്ന് സെലെൻസ്കി പ്രതീക്ഷ പ്രകടിപ്പിച്ചു. ‘യുദ്ധം മതിയാക്കാൻ സമയമായി. അതിനുവേണ്ടതു ചെയ്യേണ്ടതു റഷ്യയാണ്. അമേരിക്കയിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുകയാണ്’ – സെലെൻസ്കി പറഞ്ഞു. സെലെൻസ്കിയെക്കൂടി ഉൾപ്പെടുത്തി അലാസ്കയിൽ രണ്ടാമതൊരു ഉച്ചകോടി വൈകാതെ തന്നെ നടന്നു കാണാൻ ആഗ്രഹമുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.
കാൽനൂറ്റാണ്ടുമുൻപ്, യുഎസിൽ ബിൽ ക്ലിന്റൻ പ്രസിഡന്റായപ്പോൾ മുതൽ പുട്ടിനാണ് റഷ്യയുടെ ഭരണത്തലപ്പത്ത്. നയതന്ത്രരംഗത്തെ പുട്ടിന്റെ അനുഭവസമ്പത്തിനെക്കുറിച്ച്, അലാസ്കയിലെ ഉച്ചകോടിക്കു പുറപ്പെടുംമുൻപ് ട്രംപ് സൂചിപ്പിച്ചിരുന്നു. ചർച്ചകൾ ഫലംകാണുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. പുട്ടിനൊപ്പം റഷ്യയിൽനിന്നുള്ള ബിസിനസ് നേതാക്കളുമുണ്ടെങ്കിലും യുക്രെയ്നിലെ യുദ്ധം തീരാതെ വ്യാപാര ഉടമ്പടികൾക്കില്ലെന്നാണു ട്രംപിന്റെ നിലപാട്.