World

വഞ്ചനാ കേസില്‍ ട്രംപിന് ആശ്വാസം; പിഴയായി ചുമത്തിയ 454 മില്യണ്‍ ഡോളര്‍ ഒഴിവാക്കി

ന്യൂയോർക്ക്: വഞ്ചനാ കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. കേസിൽ കീഴ്കോടതി ചുമത്തിയ 454 മില്യൺ ഡോളറിന്റെ പിഴ അപ്പീൽ കോടതി റദ്ദാക്കി. അഞ്ചംഗ അപ്പീൽ കോടതിയാണ് പിഴ റദ്ദാക്കിയത്. കുറ്റം നടന്നിട്ടുണ്ടെന്നും, ചുമത്തിയിരിക്കുന്ന പിഴ അമിതമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. കേസിൽ വിധിക്കെതിരെ റിവ്യൂ ഹർജി നൽകുമെന്ന് ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ സമ്പൂർണ വിജയം എന്നാണ് ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ന്യൂയോർക്ക് കോടതി ഡൊണാൾഡ് ട്രംപിനെയും ട്രംപ് ഓർഗനൈസേഷനെയും ശിക്ഷിച്ചത്.

സർക്കാർ പൗരന്മാർക്ക് മേൽ അമിതമായ ശിക്ഷകൾ ചുമത്തുന്നത് വിലക്കാൻ ഭരണഘടനയിൽ അനുശാസിക്കുന്ന എട്ടാം ഭേദഗതിയെ പ്രതിപാദിച്ചുകൊണ്ടായിരുന്നു ട്രംപിന് അനുകൂലമായ വിധി. ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ, മാറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് നേട്ടങ്ങൾ ഉറപ്പാക്കാൻ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് കേസ്.2024 ഫെബ്രുവരിയിലാണ് കീഴ്ക്കോടതി ട്രംപിന് 355 മില്യൺ ഡോളർ പിഴ ചുമത്തിയത്. പിഴയൊടുക്കാൻ തയ്യാറാകാതിരുന്നതിനാൽ പലിശയടക്കം 454 മില്യൺ ഡോളറിലെത്തി. എന്നാൽ ഈ വിധിയെ മേൽക്കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. ട്രംപ് തട്ടിപ്പിന് ഉത്തരവാദിയാണെങ്കിലും പിഴ അമിതമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കഠിനമായ ശിക്ഷയ്ക്ക് എതിരായ ഭരണഘടനാ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ഇപ്പോൾ ചുമത്തിയിരിക്കുന്ന പിഴ എന്നും കോടതി നിരീക്ഷിച്ചു.

അതേസമയം പോൺ താരം സ്റ്റോമി ഡാനിയേൽസിന് ലൈംഗിക ബന്ധം മറച്ചുവെക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമത്വം കാട്ടിയെന്നുമുള്ള കേസ് അടക്കം ട്രംപിനെതിരെയുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.