വാഷിങ്ടൻ∙ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുദ്ധം നിർത്തുന്നതിന് റഷ്യയെ നിർബന്ധിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച മാർഗമാണ് ഉയർന്ന തീരുവ നടപടിയെന്നും വാൻസ് പറഞ്ഞു. നടപടിയിലൂടെ ‘ആക്രമണാത്മക സാമ്പത്തിക സ്വാധീനം’ ആണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും അസംസ്കൃത എണ്ണ വിറ്റ് റഷ്യ കൂടുതൽ സമ്പന്നരാകുന്നത് ബുദ്ധിമുട്ടാകുമെന്നും വാൻസ് പറഞ്ഞു. യുക്രെയ്നിലെ റഷ്യയുടെ സൈനിക പ്രവർത്തനങ്ങൾ തടയുന്നതിനുള്ള സമ്മർദ്ദ തന്ത്രമായി ട്രംപിന്റെ ദ്വതീയ തീരുവ നീക്കത്തെ വാൻസ് വിലയിരുത്തി. ഇന്ത്യ റഷ്യയിൽ നിന്ന് വിലക്കുറവിൽ എണ്ണ വാങ്ങുന്നതിൽ ട്രംപ് സർക്കാർ നേരത്തേ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
അതേസമയം റഷ്യൻ എണ്ണ വാങ്ങുന്ന പ്രധാന രാജ്യമായ ചൈനയെ വിമർശിക്കുന്നതിൽ നിന്ന് ട്രംപ് വിട്ടുനിൽക്കുകയാണെന്ന വിമർശനവും ഒരു ഭാഗത്ത് ഉയരുന്നുണ്ട്. റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന് സാധിക്കുമെന്നും വാൻസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയ്ക്ക് മേൽ ഉയർന്ന താരിഫ് പ്രഖ്യാപിച്ചതിലൂടെ റഷ്യയ്ക്കുള്ള ട്രംപിന്റെ സന്ദേശം വ്യക്തമാണെന്നും വാൻസ് വിശദീകരിച്ചു. യുദ്ധം അവസാനിപ്പിച്ച് ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താൻ റഷ്യക്ക് കഴിയുമെന്നും എന്നാൽ യുക്രെയ്നെതിരെ ആക്രമണം തുടർന്നാൽ അവരെ ഒറ്റപ്പെടുത്തേണ്ടി വരുമെന്നും വാൻസ് മുന്നറിയിപ്പ് നൽകി.