Kerala

താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരും; മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് വിദഗ്ധ സംഘം

വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിൽ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകൾക്കുശേഷമേ നിരോധനത്തിൽ അയവുവരുത്തൂവെന്നും കളക്ടർ അറിയിച്ചു.

ചുരത്തിൽ വ്യൂപോയിന്റിന് സമീപം ചൊവ്വാഴ്ച രാത്രി കൂറ്റൻ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടർന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് നിരോധനം തുടരാൻ തീരുമാനിച്ചത്.മണ്ണിടിഞ്ഞഭാഗത്തെ കല്ലും മണ്ണും പൂർണമായി മാറ്റിയശേഷം രാത്രി 8.45-ഓടെ കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടു. ആദ്യം ലക്കിടിഭാഗത്തുള്ള വാഹനങ്ങളാണ് കടത്തിവിട്ടത്. ഈ വാഹനങ്ങൾ നാലാംവളവ് കഴിഞ്ഞതോടെ അടിവാരത്തുനിന്നുള്ള വാഹനങ്ങൾ മുകളിലേക്കും കയറ്റിവിട്ടതിനുശേഷമാണ് ഗതാഗതനിരോധനം വീണ്ടും നടപ്പാക്കിയത്. ബുധനാഴ്ച വൈകീട്ടും ചെറിയതോതിൽ മണ്ണിടിച്ചിലുണ്ടായിരുന്നു.

മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധനനടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായരീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽനിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്.ബുധനാഴ്ച രാവിലെ ഏഴുമുതൽ തുടങ്ങിയ കഠിനവും സാഹസികവുമായ പരിശ്രമത്തിനൊടുവിലാണ് രാത്രിയോടെ റോഡ് ഗതാഗതയോഗ്യമാക്കിയത്. താഴ്ഭാഗത്തെ മണ്ണും കല്ലും കോരിമാറ്റുന്നതിനിടെ വീണ്ടും ഇടിച്ചിൽ ഉണ്ടാവുമോയെന്ന ആശങ്കയുയർന്നിരുന്നു. തുടർന്ന് വിദഗ്ധസംഘം മുകൾഭാഗത്തെത്തി പരിശോധനനടത്തി. ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി, അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തി കരുതലോടെയാണ് മണ്ണും കല്ലുമെടുക്കുന്ന പ്രവൃത്തി തുടർന്നത്. വലിയ പാറക്കല്ലുകൾ സ്റ്റോൺ ബ്രേക്കറിന്റെ സഹായത്തോടെ പൊട്ടിച്ചാണ് റോഡിൽനിന്നുമാറ്റിയത്. മരങ്ങൾ നീക്കി റോഡിലേക്കിട്ടശേഷം മെഷീൻ ഉപയോഗിച്ച് മുറിച്ചുമാറ്റി. കല്ലും മണ്ണുമെല്ലാം ടിപ്പറുകളിലാക്കി ചങ്ങലമരത്തിന് സമീപത്തെ പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും ഒൻപതാം വളവിനും തകരപ്പാടിക്കുമിടയ്ക്കുള്ള സ്ഥലത്തുമെല്ലാമായി തള്ളി.

ഇതിനിടെ അടിഭാഗത്തുനിന്ന് മണ്ണെടുക്കുന്ന പ്രവൃത്തിക്കിടെ വൈകീട്ട് നാലുമണിയോടെ മുകൾഭാഗത്ത് ചെറിയതോതിൽ മണ്ണിടിച്ചിലുണ്ടായത് ആശങ്കപരത്തി. കല്ലാണോ, മണ്ണാണോ ഇടിഞ്ഞതെന്നറിയാനായി അഗ്നിരക്ഷാസേന വെള്ളം പമ്പുചെയ്തു പരിശോധിച്ചു. സുരക്ഷ ഉറപ്പാക്കി പ്രവൃത്തി തുടരുകയായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.