Listen live radio

സ്‌നേഹഭൂമിയില്‍ ഉയരും സ്വപ്ന വീടുകളുടെ ഹര്‍ഷാരവം

after post image
0

- Advertisement -

റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ടിന് കീഴിലെ പുത്തുമല പുനരധിവാസ പദ്ധതിയ്ക്കായി കണ്ടെത്തിയ പൂത്തകൊല്ലിയിലെ സ്‌നേഹഭൂമിയില്‍ ഇനി ഉയരും സ്വപ്ന വീടുകളുടെ ഹര്‍ഷാരവം. ദുരന്തം മൂടിയ മായാത്ത ഓര്‍മ്മകളില്‍ പുത്തുമല നിവാസികള്‍ സ്‌നേഹഭൂമിയില്‍ ജീവിതം തിരികെ പിടിക്കും. പുത്തുമലയിലെ ദുരന്തബാധിത കുടുംബങ്ങളുടെ ആഗ്രഹം പോലെ എല്ലാവര്‍ക്കും ഒന്നിച്ചു കഴിയാവുന്ന വിധത്തിലുള്ള ഭവന സമുച്ചയങ്ങളാണ് ഇവിടെയും ഉയരുക. മാതൃഭൂമി നല്‍കിയ കോട്ടപ്പടി വില്ലേജിലെ ഏഴ് ഏക്കര്‍ ഭൂമിയില്‍ 56 വീടുകളാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക. ഇതില്‍ 52 പ്ലോട്ടുകള്‍ക്ക് നറുക്കെടുപ്പിലൂടെ അവകാശികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട് അസോസിയേഷന്റെ കോഴിക്കോട് ചാപ്റ്ററാണ് വീടുകളുടെ രൂപരേഖ തയ്യാറാക്കിയത്.
650 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് വീടുകള്‍. ഒരു വീടിന് 6.5 ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിക്കാനായി 4 ലക്ഷം രൂപ വീതം നല്‍കും. സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണവും വീടുകളുടെ നിര്‍മാണത്തിനുണ്ട്. സന്നദ്ധ സംഘടനകളായ എസ്.വൈ.എസ് -6 എണ്ണം , എച്ച്.ആര്‍.പി.എം – 5, തണല്‍ – 5, പീപ്പിള്‍ ഫൗണ്ടേഷന്‍ – 10, സി.സി.എഫ് -27, ആക്ടോണ്‍ – 5 എണ്ണം എന്നിങ്ങനെയാണ് വീട് നിര്‍മ്മിക്കുക. വീടുകള്‍ക്ക് പുറമേ ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി സെന്റര്‍, കുടിവെളള സൗകര്യം, അങ്കണവാടി, മറ്റ് പൊതു സൗകര്യങ്ങളും ഇവിടെയുണ്ടാകും. പ്രദേശത്തേക്ക് മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോഡും തയ്യാറാക്കിയിട്ടുണ്ട്. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ട് – പുത്തുമല പുനരധിവാസ പദ്ധതി ‘ഹര്‍ഷം’ (Happiness And Resilience SHared Across Meppady) എന്ന പേരിലാണ് അറിയപ്പെടുക.

Leave A Reply

Your email address will not be published.