ധർമസ്ഥല കേസിൽ ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമ്മരോടിക്കെതിരെ കേസിലെ നിർണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നൽകിയത് തിമ്മരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തലയോട്ടി എടുത്തത് തിമ്മരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നുവെന്നും ചിന്നയ്യ വെളിപ്പെടുത്തി.
റബ്ബർ തോട്ടം സ്ഥിതി ചെയ്യുന്ന ഭാഗത്തെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കുമെന്നാണ് വിവരം. തെളിവുകളെല്ലാം ശേഖരിച്ച ശേഷം, ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് മഹേഷ് ഷെട്ടി തിമ്മരോടിക്ക് നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ തുടർച്ചയായ മൂന്നാം ദിവസവും സുജാത ഭട്ടിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ സുജാത ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് ചിന്നയ്യ ഉപയോഗിച്ചത് ഉൾപ്പെടെ ആറു ഫോണുകൾ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ധർമസ്ഥല ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് തിമ്മരോടിയുടെയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളിൽ നിന്നാണ് ഈ ഫോണുകൾ കണ്ടെടുത്തത്. ഗൂഢാലോചന തെളിയിക്കുന്ന വിഡിയോകൾ ഫോണിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ചിന്നയ്യയെ തിമ്മരോടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു.