വാഷിങ്ടൻ∙ ഇന്ത്യ ലോകത്തുതന്നെ വളരെ ഉയർന്ന തീരുവ പിരിക്കുന്ന രാജ്യമാണെന്നും, യുഎസ് ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ ഇന്ത്യ ഞങ്ങളിൽ നിന്നു വലിയ തീരുവ ഈടാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് യുഎസ് ഇന്ത്യയുമായി കൂടുതൽ വ്യാപാരം നടത്താതിരുന്നത്’–ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, ഇന്ത്യ യുഎസുമായി നല്ല രീതിയിൽ വ്യാപാരം നടത്തിയിരുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽനിന്ന് യുഎസ് ഉയർന്ന തീരുവ ഈടാക്കാത്തതിനാലാണ് ഇത് സാധ്യമായതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഉയർന്ന തീരുവ ഈടാക്കുന്നതിന് ഉദാഹരണമായി ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ കാര്യം ട്രംപ് ഉയർത്തിക്കാട്ടി. 200% തീരുവ ചുമത്തിയിരുന്നതിനാൽ ബൈക്കുകൾ ഇന്ത്യയിൽ വിൽക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. അതിനാൽ കമ്പനിക്ക് ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിക്കേണ്ടിവന്നു. ഇപ്പോൾ അവർക്ക് ഉയർന്ന തീരുവ നൽകേണ്ടി വരുന്നില്ലെന്നും ട്രംപ് പറഞ്ഞു.