ചെന്നൈ∙ മയിലാടുതുറൈയ്ക്ക് സമീപം ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം. തിങ്കളാഴ്ച രാത്രിയാണ് വൈരമുത്തുവിനെ (28) ആറംഗ സംഘം അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ദലിത് വിഭാഗത്തിൽപ്പെട്ട വൈരമുത്തു അതേവിഭാഗത്തിൽപ്പെട്ട മാലിനിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ഇരുവരും വിവാഹിതരായത്. പെൺകുട്ടിയുടെ അമ്മ ദലിത ഇതര വിഭാഗത്തിൽപ്പെട്ട ആളായതിനാലാണ് വിവാഹത്തെ എതിർത്തതെന്നാണ് റിപ്പോർട്ട്.
വൈരമുത്തുവിനെ വിവാഹം കഴിക്കണമെന്ന് മാലിനി പലവട്ടം വീട്ടുകാരെ അറിയിച്ചെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. തുടർന്ന് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് മാലിനിയും വൈരമുത്തുവും ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു. വിവാഹ റജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം രണ്ട് ദിവസം മുൻപാണ് മാലിനി ജോലിക്കായി ചെന്നൈയിലേക്ക് പോയത്. അതിനിടെയാണ് തിങ്കളാഴ്ച രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന വൈരമുത്തുവിനെ അരിവാളുമായി എത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കഴുത്തിനും കൈകൾക്കും ഗുരുതരമായി വെട്ടേറ്റ വൈരുമുത്തുവിനെ മയിലാടുതുറൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ 5 പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ പ്രതികൾക്കെതിരെ എസ്‌സി/എസ്ടി അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാണ് വൈരമുത്തുവിന്റെ ബന്ധുക്കളുടെ ആവശ്യം. ഇത് ആവശ്യപ്പെട്ട് ബന്ധുക്കൾ മയിലാടുതുറൈ-കുംഭകോണം ഹൈവേയിൽ റോഡ് ഉപരോധം നടത്തി. വൈരമുത്തുവിന് നീതി ലഭിക്കണമെന്നും മാലിനിയുടെ അമ്മയെ കൂടി കേസിൽ പ്രതി ചേർക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.