കൊച്ചി ∙ വ്യാജ ട്രേഡിങ് ആപ്പ് വഴി 1.08 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശിയുടെ പേരിൽ നാഷണൽ സൈബർ ക്രൈം പോർട്ടലിലുള്ളത് 31 പരാതികൾ. മാത്രമല്ല, ഇയാളുടെ പേരിലുള്ളത് ‘മ്യൂൾ അക്കൗണ്ട്’ ആയിരുന്നു എന്നാണ് പൊലീസ് സംശയം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയെ കബളിപ്പിച്ച് 1.08 കോടി രൂപ തട്ടിയെടുത്ത കേസിൽ എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലം സ്വദേശി ആദിൽ മീരാൻ (23), തൊടുപുഴ കാളിയാർ വണ്ണപ്പുറം സ്വദേശി മുഹമ്മദ് യാസീൻ (22) എന്നിവരെ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആദിലിന്റെ പേരിലുള്ള ഒരു അക്കൗണ്ട് വഴി കഴിഞ്ഞ ഒരു മാസത്തിനിടയിൽ 3.45 കോടി രൂപയുടെ വിനിമയം നടന്നുവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള പല അക്കൗണ്ടുകൾ ഇയാളുടെ പേരിലുണ്ട്. സ്വന്തം പേരിലെടുത്ത് മറ്റുള്ളവരുടെ ആവശ്യത്തിനായി പ്രതിഫലമോ കമ്മീഷനോ വാങ്ങി വിൽക്കുന്ന ബാങ്ക് അക്കൗണ്ടുകളെയാണ് മ്യൂൾ അക്കൗണ്ട് എന്നു പറയുന്നത്. ഇത്തരത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ടും ഫോൺ നമ്പരുകളും പ്രതിഫലത്തിനായി നല്‍കി തട്ടിപ്പിന്റെ ഭാഗമായി മാറുന്നവരുണ്ട്. പണം തട്ടിയെടുക്കാൻ പദ്ധതിയിടുന്നവർ പലപ്പോഴും ഈ ഫോണ്‍ നമ്പറുകൾ വഴിയാണ് ഇരയെ കുടുക്കുക. പണം കൈമാറ്റം ചെയ്യപ്പെടുന്നതും ഈ അക്കൗണ്ടുകളിലേക്കാവും. ആരും സംശയിക്കാത്ത സാധാരണക്കാരുടെ പേരിലുള്ള അക്കൗണ്ടുകളിലൂടെ ഇത്തരത്തിൽ കോടികളായിരിക്കും മറിയുക.
ഇതിൽ നിന്ന് കമ്മിഷൻ കിഴിച്ചുള്ള തുക തട്ടിപ്പുകാർ പിൻവലിക്കുകയോ കമ്മിഷൻ ഒഴിവാക്കിയുള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കാൻ നിർദേശിക്കുകയോ ആണ് ചെയ്യുക. ഇത്തരത്തിൽ ഒട്ടേറെ പേരിൽ നിന്ന് പലരായി തട്ടിച്ചെടുത്ത പണം എത്തിയിരുന്നത് ആദിലിന്റെ അക്കൗണ്ടിലായിരുന്നു എന്നാണ് വിവരം. അതാണ് കഴിഞ്ഞ ഒരു മാസത്തിനിടയിൽ മൂന്നര കോടി രൂപയോളം ആദിലിന്റെ അക്കൗണ്ടിൽ എത്താൻ കാരണം. ഇവിടെ നിന്ന് ഇത് ആരിലേക്ക് പോയി എന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
മാത്രമല്ല, ആദിലിന്റെ പേരിലുള്ള മറ്റൊരു അക്കൗണ്ടിനെതിരെ 31 പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സാധാരണ സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുമ്പോൾ ആദ്യം ബന്ധപ്പെടുക 1930 എന്ന നമ്പറിലാണ്. തുടർന്ന് പരാതി നാഷണൽ ക്രൈം പോർട്ടലിൽ റജിസ്റ്റർ ചെയ്യപ്പെടും. അതായത്, ആദിലിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് തട്ടിപ്പിനിരയായ 31 പേരെങ്കിലും പണമയച്ചിട്ടുണ്ട് എന്നർഥം. ആദിലിന്റെ സഹായിയായി പ്രവർത്തിക്കുകയാണ് യാസിൻ. ഇവരുടെ അക്കൗണ്ടിൽ നിന്ന് 12 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു.
തിരുവാങ്കുളം സ്വദേശിയായ 50കാരനെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ടെലഗ്രാം ആപ്പിലൂടെയാണ് തട്ടിപ്പുകാർ ആദ്യമായി ബന്ധപ്പെടുന്നത്. തുടർന്ന് ഈ വർഷം ജനുവരി 25 മുതൽ ജൂലൈ 17 വരെ 1.08 കോടി രൂപ ഇവർ ട്രേഡിങ്ങില്‍ നിക്ഷേപിപ്പിച്ചു. എന്നാൽ പറഞ്ഞ സമയത്ത് ലാഭവിഹിതമോ മുടക്കുമുതലോ തിരികെ നൽകാതെ വന്നതോടെ പണം നഷ്ടപ്പെട്ടയാൾ ഹിൽ പാലസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.