പാലക്കാട് ∙ സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര ഭീഷണിയുടെ സാഹചര്യത്തിൽ സമരമുഖങ്ങളിൽ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ആശങ്ക. ഇതിനായി ഉപയോഗിക്കുന്ന ജലത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശക്തമായി വെള്ളം ചീറ്റുമ്പോൾ മൂക്കിൽക്കൂടി ജലം കയറാനുള്ള സാധ്യത കൂടുതലാണ്. ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചു കുളിക്കുമ്പോൾ പോലും മൂക്കിനുള്ളിലേക്കു വെള്ളം പോകാതെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
സംസ്ഥാനത്തെ വിവിധ സമരങ്ങളിൽ ജലപീരങ്കി പ്രയോഗം പതിവാണ്. ലാത്തിച്ചാർജ് ഒഴിവാക്കാനും ആദ്യം ജലപീരങ്കിയാണു പ്രയോഗിക്കുക. സമരക്കാർ പരസ്പരം കെട്ടിപ്പിടിച്ചു നിന്ന് ഇതിനെ നേരിടുന്നതും സ്ഥിരം കാഴ്ചയാണ്. ഈ സമയത്തെല്ലാം മൂക്കിലൂടെ വെള്ളം കയറാൻ സാധ്യതയുണ്ട്.
പൊലീസ് ക്യാംപുകളിലെ കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നുമാണു ജലപീരങ്കിയിലേക്കു സാധാരണ വെള്ളം നിറയ്ക്കുക. ഇതു രോഗാണു മുക്തമല്ലെങ്കിൽ ആശങ്കയ്ക്കു സാഹചര്യമുണ്ട്. സമരം നിയന്ത്രിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരും ജലപീരങ്കി പ്രയോഗത്തിനിടെ നനയുന്നതു പതിവാണ്.
രോഗഭീഷണിയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ കുളങ്ങളും കിണറുകളും ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ ശുദ്ധീകരിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. നീന്തൽക്കുളങ്ങൾ ഉൾപ്പെടെ അടിയന്തരമായി ശുചീകരിക്കണമെന്നാണു നിർദേശം. ഈ സാഹചര്യത്തിലാണ് ജലപീരങ്കി പ്രയോഗം സംബന്ധിച്ചും ആശങ്ക ഉയരുന്നത്.