ബെംഗളൂരു ∙ തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിയുടെ മരുമകനെതിരെ ഹണിട്രാപ് കേസ് ചമച്ചെന്ന് ആരോപണമുള്ള യുവതി ഉൾപ്പെടെ 6 പേർക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്നു വരുത്തിത്തീർക്കാൻ ഗൂഢാലോചന നടത്തിയെന്നാണു കേസ്. ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ.അരുണിനെ ഹണിട്രാപിൽ കുടുക്കിയെന്ന കേസിൽ ബെംഗളൂരു സ്വദേശിനി രത്ന, തന്ത്രിയുടെ ജ്യേഷ്ഠൻ ദേവദാസ്, മകൻ ശ്രീരാഗ്, മറ്റൊരു ജ്യേഷ്ഠൻ വേണുഗോപാൽ, ബന്ധു സ്വാമിനാഥൻ, ഇയാളുടെ ഭാര്യ രജിത എന്നിവർക്കെതിരെയാണു കുറ്റപത്രം. മസാജ് പാർലർ ജീവനക്കാരിയാണു രത്ന.
ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബന്ധു കെ.വി.പ്രവീണാണു പദ്ധതി ആസൂത്രണം ചെയ്തതെന്ന് ഉണ്ണി ദാമോദരനും മകൾ ഉണ്ണിമായയും പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ ആസൂത്രിതമായി കുടുക്കിയതാണെന്നു പൊലീസ് കണ്ടെത്തിയത്.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2 കോടിയുടെ ഇടപാടുകൾ നടന്നതായി ബാനസവാടി പൊലീസ് കണ്ടെത്തി. ഇതിൽ 9 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്നായി പിടിച്ചെടുത്തു. രത്നയുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശിയും ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോൻ, ഇയാളുടെ സഹായി സജിത്ത്, ആലം എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.














