സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ കയറിയ യുവതി, മാല മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അഴിയൂർ ഹാജിയാർ പള്ളിക്കു സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ. ആയിഷയെ (41) മാഹി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മാഹി ബസലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽനിന്നു കഴിഞ്ഞ 12നാണ് സ്വർണം മോഷ്ടിച്ചത്. 3 ഗ്രാം തൂക്കമുള്ള സ്വർണമാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ വീട്ടിൽനിന്നും യുവതിയെ പിടികൂടിയത്. എന്നാൽ, മാല മാഹിയിലെ കുഞ്ഞിപ്പള്ളി ജ്വല്ലറിയിൽ വിറ്റുവെന്നാണ് ആയിഷ മൊഴി നൽകിയത്. പിന്നീട് കുഞ്ഞിപ്പള്ളി ജ്വല്ലറിയിലെത്തി മാല പൊലീസ് കണ്ടെടുത്തു. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.