കേരളം നടുങ്ങിയ ഉത്ര വധക്കേസിനു സമാനമായി കാൺപുരിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കൊല്ലാൻ ശ്രമിച്ചു ഭർത്താവ്. രേഷ്മയെന്ന യുവതിയെ ഭർത്താവ് ഷാനവാസ് മുറിയിൽ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെ തുറന്നുവിടുകയായിരുന്നു. സ്ത്രീധന പീഡനത്തെ ചൊല്ലി നടന്ന തർക്കത്തിനൊടുവിലാണ് സംഭവം. രേഷ്മയുടെ ആരോഗ്യനില ഗുരുതരമാണ്. ഷാനവാസ് ഉൾപ്പെടെ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു.
വേദനകൊണ്ടു പുളഞ്ഞ യുവതി നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്തെങ്കിലും ഭർതൃവീട്ടുകാർ പുറത്തിരുന്ന് ചിരിക്കുകയായിരുന്നു. പിന്നീട് രേഷ്മ സഹോദരിയെ ഫോണിൽ വിളിച്ചു കാര്യം അറിയിക്കുകയായിരുന്നു. സഹോദരി എത്തിയപ്പോൾ അവശനിലയിലായിരുന്നു രേഷ്മ.
2021ലായിരുന്നു ഷാനവാസിന്റെയും രേഷ്മയുടെയും വിവാഹം. വിവാഹത്തിനു ശേഷം ഒന്നര ലക്ഷം രൂപ ഷാനവാസിന്റെ കുടുംബത്തിനു നൽകിയിരുന്നു. അഞ്ചു ലക്ഷം വേണമെന്നായിരുന്നു ആവശ്യം. പലതവണ രേഷ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ഷാനവാസ് ശ്രമിച്ചിരുന്നുവെന്ന് രേഷ്മയുടെ കുടുംബം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.














