ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തെ തുടർന്ന് അടച്ചിട്ട അട്ടമലയിലെ കണ്ണാടി പാലം സഞ്ചാരികള്‍ക്കായി തുറന്നു നല്‍കി.ദുരന്തനിവാരണ അതോറിറ്റിയുടെ കർശന നിയന്ത്രണങ്ങളോടെയാണ് തുറന്നതെങ്കിലും വലിയ പ്രതീക്ഷയാണ് ഇതിനെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് നല്‍കുന്നത്. ചില്ലു പാലത്തിന്റെ കാഴ്ച കാണാൻ നിരവധി സഞ്ചാരികളാണ് ആദ്യദിവസം തന്നെ എത്തിയത്.
പച്ച പുതച്ച തേയില തോട്ടത്തിന് നടുവില്‍ കോടമഞ്ഞു പുതഞ്ഞു നില്‍ക്കുന്ന അട്ടമലയിലാണ് ഈ ചില്ല് പാലം. നീലഗിരി മലനിരകള്‍ മുതല്‍ ചെമ്ബ്രമല താഴ്വാരം വരെ ഇവിടെ നിന്നാല്‍ കാണാം. മിനിറ്റുകള്‍കൊണ്ട് മാറിമറിയുന്ന കാലാവസ്ഥ. ഒരേ സമയം കോടമഞ്ഞും ഇളം കാറ്റും നമ്മെ തഴുകി തലോടും. അങ്ങനെ എത്തുന്ന സഞ്ചാരികളുടെ മനം കവരും കാഴ്ചയാണ് ഗ്ലാസ് ബ്രിഡ്ജില്‍ കാത്തിരിക്കുന്നത്.മുണ്ടക്കൈ ദുരന്തത്തിന് ശേഷം ചൂരല്‍മല അട്ടമല മുണ്ടക്കൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്നാണ് ഗ്ലാസ് ബ്രിഡ്ജ് അടച്ചത്. എട്ട് വ്യാപാരികള്‍ ചേർന്ന് തുടങ്ങിയ ഗ്ലാസ് ബ്രിഡ്ജ് ഒരു വർഷത്തോളം അടഞ്ഞുകിടന്നെങ്കിലും ഇപ്പോള്‍ തുറന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ടൂറിസം കേന്ദ്രങ്ങളും, റിസോർട്ട് ഹോംസ്റ്റേകള്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. അതിജീവനത്തിന്റെ പോരാട്ടത്തിലൂടെ ടൂറിസം മേഖലയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണിവർ.














