കല്പറ്റ: ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാര സമർപ്പണം ശനിയാഴ്ച കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമർപ്പിക്കും. കല്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ വൈകീട്ട് 3.30-ന് നടക്കുന്ന പരിപാടിയിൽ കവി വി. മധുസൂദനൻ നായർ പുരസ്കാരം കൈമാറും.
പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയർമാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്കുമാർ അധ്യക്ഷനാകും. മാതൃഭൂമി ഡയറക്ടർ എം.കെ. ജിനചന്ദ്രൻ പുരസ്കാരജേതാവിനെ പൊന്നാടയണിയിക്കും. സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തും. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, എഴുത്തുകാരായ കെ.വി. സജയ്, ഷീജ വക്കം, ഹാരിസ് നെന്മേനി എന്നിവർ സംസാരിക്കും.
ആലങ്കോട് ലീലാകൃഷ്ണന്റെ ‘നാട്ടുവഴികൾ നാട്ടഴകുകൾ’ എന്ന പുസ്തകം വി. മധുസൂദനൻ നായർഷീജാ വക്കത്തിന് നൽകി പ്രകാശനം ചെയ്യും.പി. മധുസൂദനൻ നായർ അധ്യക്ഷനും നിരൂപകൻ സുനിൽ പി. ഇളയിടം, നോവലിസ്റ്റ് ആർ. രാജശ്രീ എന്നിവർ അംഗങ്ങളുമായ പുരസ്കാര നിർണയസമിതിയാണ് ലീലാകൃഷ്ണനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. എഴുപത്തയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ലു പതിച്ച ശില്പവും അടങ്ങുന്നതാണ് പത്മപ്രഭാ പുരസ്കാരം. ആധുനിക വയനാടിന്റെ ശില്പി എന്നറിയപ്പെടുന്ന പത്മപ്രഭാഗൗഡരുടെ സ്മരണയ്ക്കായി മകൻ എം.പി. വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യ സമ്മാനമാണിത്. 1996 മുതൽ തുടർച്ചയായി ഇത് നൽകി വരുന്നുണ്ട്.പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ.കെ. ബാബു പ്രസന്നകുമാർ, ജനറൽ കൺവീനർ പി.കെ. സത്താർ, ട്രഷറർ കെ.കെ. ഹംസ, ടി.വി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.














