Listen live radio

രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുറപ്പ് പദ്ധതി സംവിധാനം കേരളത്തില്‍: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

after post image
0

- Advertisement -

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ തൊഴിലുറപ്പ് പദ്ധതി സംവിധാനം പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണു കേരളമെന്നും ഈ വര്‍ഷം 2,474 കോടിരൂപ പദ്ധതിയുടെ ഭാഗമായി വനിതകളുടെ കൈയ്യില്‍ എത്തിക്കാന്‍ സാധിച്ചെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക – സാമൂഹിക പുരോഗതി ഉറപ്പാക്കാനും വനിതകളെ സാമ്പത്തികമായി ശാക്തീകരിക്കാനും തൊഴിലുറപ്പ് പദ്ധതിക്കു സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു കേന്ദ്ര ഗ്രാമവികസന മന്ത്രാലയം മാര്‍ച്ച് ഏഴു മുതല്‍ 13 വരെ നടത്തുന്ന ഐക്കോണിക്ക് വീക്കിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റ്മാരുടെയും വ്യക്തിഗത ആനുകൂല്യങ്ങള്‍ വഴി മികച്ച പ്രവര്‍ത്തനം നടത്തിയ വനിതാ ഗുണഭോക്താക്കളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ തൊഴിലുറപ്പ് സംവിധാനത്തില്‍ സമ്പൂര്‍ണമായും വനിതാ മേറ്റുമാരാണുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇവര്‍ തൊഴിലുറപ്പു പദ്ധതിയുടെ അവിഭാജ്യഘടകമാണ്. മികച്ച നേതൃപാടവവും പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഇവര്‍ ആര്‍ജ്ജിച്ചു. വ്യക്തിഗത ഉപജീവന ആസ്തികള്‍ ലഭിച്ച വനിതകള്‍ക്ക് ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സാധിച്ചെന്നും ഇത്തരം ആസ്തികള്‍ ഗ്രാമീണ ഉല്‍പ്പാദന മേഖലയ്ക്ക് മുതല്‍കൂട്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ ബി. അബ്ദുള്‍ നാസര്‍, കൗണ്‍സില്‍ അംഗം എസ്. രാജേന്ദ്രന്‍, ജോയിന്റ് ഡെവലപ്മെന്റ് കമ്മിഷണര്‍ എ. ലാസര്‍, ജില്ലാ ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. ടി. ഷാജി, മേറ്റുമാരുടെ പ്രതിനിധികള്‍, ഗുണഭോക്തൃ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.