World

നിയന്ത്രണരേഖ കടന്ന യുവതി പാക്ക് കസ്റ്റഡിയിൽ;പോയത് ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടയാളെ കാണാൻ

നാഗ്പുർ∙ ഇന്ത്യന്‍ സൈന്യത്തിന്‍റെ കണ്ണുവെട്ടിച്ച് നിയന്ത്രണരേഖ കടന്ന യുവതിയെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. നാഗ്പുര്‍ സ്വദേശിയായ സുനിത (43) ആണ് കാര്‍ഗില്‍ വഴി പാക്കിസ്ഥാനിലെത്തിയതെന്നാണ് വിവരം. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടയാളെ കാണുന്നതിനായാണ് സുനിത പോയതെന്നും മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമത്തില്‍ ഉപേക്ഷിച്ചാണ് പാക്കിസ്ഥാനിലേക്ക് കടന്നതെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഇന്ത്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നോർത്ത് നാഗ്പുരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന സുനിത, ഇതിനു മുൻപു രണ്ടു തവണ പാക്കിസ്ഥാനിലേക്ക് പോകാൻ ശ്രമം നടത്തിയിരുന്നെങ്കിലും അട്ടാരി അതിർത്തിയിൽവച്ച് മടക്കി അയയ്ക്കുകയായിരുന്നു. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായിരിക്കെ യുവതി നിയന്ത്രണരേഖ കടന്നതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മേയ് 14നാണ് പതിനഞ്ചുകാരനായ മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമമായ ഹന്ദര്‍മാനില്‍ ഉപേക്ഷിച്ച് സുനിത പോയത്. മടങ്ങിവരാമെന്നും ഇവിടെ തന്നെ കാത്തുനില്‍ക്കണമെന്നും മകനോട് പറഞ്ഞശേഷമാണ് സുനിത പോയത്. എന്നാൽ നിയന്ത്രണരേഖയ്ക്കരികിൽ കുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ ഗ്രാമവാസികൾ ലഡാക്ക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.സുനിതയുടെ ഫോണും കോൾ റെക്കോർഡുകൾ ഉൾപ്പെടെയുള്ള വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. സുനിത മാനസികവെല്ലുവിളി നേരിടുന്ന ആളാണെന്നും ഇതിനു ചികിത്സയിലായിരുന്നെന്നുമാണ് സഹോദരൻ പറയുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.