മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതാവിനും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിനതടവ്. മഞ്ചേരി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 11.75 ലക്ഷം രൂപ പിഴയായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 20 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയെ 2 വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണു കേസ്.മദ്യം നല്‍കി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 2019 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് കുട്ടി പീഡനത്തിനിരയായത്. തിരുവനന്തപുരം സ്വദേശിയാണ് മാതാവ്. സുഹൃത്ത് പാലക്കാട് സ്വദേശിയും. വീട്ടിലെത്തിയ ബന്ധുക്കളാണ് കുട്ടി അതിക്രമത്തിനിരയായതായി മനസ്സിലാക്കിയത്. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടനിലയിലാണ് കണ്ടെത്തിയത്. ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു.തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് രണ്ടുവര്‍ഷത്തെ പീഡനം പുറത്തറിഞ്ഞത്. മലപ്പുറം വനിതാ പൊലീസാണ് കേസ് അന്വേഷിച്ചത്.
            













