Kerala

‘പ്രിയപ്പെട്ട ജാൻവി..’: ക്ഷമ ചോദിച്ച് മലയാളികൾ; ‘തിരികെ വരണം, കേരളീയരുടെ യഥാർഥ സ്നേഹം അറിയണം’

തൊടുപുഴ∙ മൂന്നാറിൽ നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ മുംബൈ സ്വദേശിനി ജാൻവിയോട് ക്ഷമാപണവുമായി മലയാളികൾ. സംഭവിച്ച കാര്യങ്ങൾക്ക് ക്ഷമ ചോദിച്ചും വീണ്ടും കേരളത്തിലേക്കു ക്ഷണിച്ചും ഇവരുടെ സമൂഹമാധ്യമ പോസ്റ്റുകളിൽ മലയാളികളുടെ കമന്റുകൾ നിറയുകയാണ്. ജാൻവിയുടെ പരാതിയെ തുടർന്ന് അധികൃതർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

‘പ്രിയപ്പെട്ട ജാൻവി, നിങ്ങളോട് ക്ഷമ ചോദിക്കുന്നു. മലയാളികളുടെ എല്ലാവരുടെയും സ്വഭാവമല്ല നിങ്ങൾ മൂന്നാറിൽ കണ്ടത്. മലയാളികളുടെ യഥാർഥ സ്നേഹവും ഇവിടുത്തെ പ്രകൃതിഭംഗിയും അനുഭവിക്കാൻ ഇനിയും നിങ്ങൾ കേരളത്തിലേക്കു വരണം’ –ഒരു കമന്റിൽ പറയുന്നു. ജാൻവിയെ തടഞ്ഞുവച്ച ഡ്രൈവർമാർക്കെതിരെയും സഹായിക്കാൻ തയാറാകാതിരുന്ന പൊലീസുകാർക്കെതിരെയും സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന വാർത്തകളും ചിലർ പങ്കുവയ്ക്കുന്നുണ്ട്. ‘അതിഥി ദേവോ ഭവ’ എന്നതാണ് കേരളീയരുടെ കാഴ്ചപ്പാട് എന്നും ഒരിക്കലും സംഭവിക്കരുതാത്തതാണ് ജാൻവിക്കുണ്ടായ അനുഭവമെന്നും കമന്റിൽ പറയുന്നു.

ഇതോടൊപ്പം, മൂന്നാറിലെ സംഭവത്തെ രൂക്ഷമായി വിമർശിച്ചുള്ള കമന്റുകളുമുണ്ട്. ‘ട്രേഡ് യൂണിയൻകാരുടെ തോന്ന്യവാസമാണ് നിങ്ങൾ മൂന്നാറിൽ കണ്ടത്. ട്രേഡ് യൂണിയനുകൾ കൃഷിയെയും വ്യവസായത്തെയും നശിപ്പിച്ചു. ഇപ്പോഴിതാ ടൂറിസത്തെയും നശിപ്പിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയാണ് അവരുടെ ധൈര്യം. നിങ്ങളുടെ പോസ്റ്റ് പലരുടെയും കണ്ണു തുറപ്പിക്കുന്നതായിരുന്നു’ –ഒരാൾ കമന്റിൽ പറയുന്നു.

മുംബൈയിൽ അസിസ്റ്റന്റ് പ്രഫസറായ ജാൻവി സുഹൃത്തുക്കളോടൊപ്പം ആലപ്പുഴ സന്ദർശിച്ച ശേഷമാണ് മൂന്നാറിലെത്തിയത്. ആലപ്പുഴയിൽ വച്ച് കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തെ പുകഴ്ത്തിയും പുസ്തകങ്ങളെ പരിചയപ്പെടുത്തിയും ജാൻവി വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാൾ തിങ്സ്’, സൽമാൻ റുഷ്ദിയുടെ ‘ദ മൂർസ് ലാസ്റ്റ് സൈ’, അഞ്ജന മേനോന്റെ ‘ഓണം ഇൻ എ നൈറ്റി’, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്നീ പുസ്തകങ്ങളാണ് കേരളത്തെ അറിയാനായി ജാൻവി പരിചയപ്പെടുത്തിയ പുസ്തകങ്ങൾ.

ഇതിന് ഒരു ദിവസത്തിനു ശേഷമായിരുന്നു ‘ഇനി ഒരിക്കലും കേരളത്തിലേക്ക് ഇല്ല’ എന്നു പറഞ്ഞ് ജാൻവി സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തത്. മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസുകാരിൽ നിന്നും നേരിട്ട ദുരനുഭവം വിവരിച്ചായിരുന്നു പോസ്റ്റ്. ഇവർ സഞ്ചരിച്ച ഓൺലൈൻ ടാക്സി മൂന്നാറിലെ ടാക്സിക്കാർ തടയുകയായിരുന്നു. സഹായത്തിനായി പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും പൊലീസും ടാക്സിക്കാരുടെ പക്ഷം ചേർന്നു. ഇതോടെ മറ്റൊരു ടാക്സിയിൽ യാത്ര ചെയ്യേണ്ടിവന്നു. ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങിയെന്നുമാണ് ജാൻവി വിഡിയോയിൽ പറഞ്ഞത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.