Kerala

സ്‌കൂള്‍മൈതാനത്ത് അപകടകരമാവിധം കാറോടിച്ചത് 16കാരന്‍, 25 വയസുവരെ ലൈസന്‍സില്ല, എംവിഡി നടപടി

കോഴിക്കോട്: പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരേ കാര്‍ ഓടിച്ചുകയറ്റി സാഹസിക അഭ്യാസപ്രകടനം നടത്തിയത് അതേ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയെന്ന് പൊലീസ്.അന്വേഷണത്തിന് പിന്നാലെ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വാഹനത്തിന്റെ ആര്‍സി ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജോ. ആര്‍ടിഒ ടി.എം. പ്രഗീഷ് വ്യക്തമാക്കി. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച വിദ്യാര്‍ഥിക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്ന ശുപാര്‍ശ ഗതാഗത കമ്മിഷണര്‍ക്ക് നല്‍കുമെന്നും എംവിഡി വ്യക്തമാക്കി..

ആര്‍സി ഉടമയും വിദ്യാര്‍ഥിയും പൊലീസ് സ്റ്റേഷനിലും ജോ. ആര്‍ടിഒ ഓഫീസിലും ഹാജരായി. വാഹന ഉടമയുടെ അടുത്തബന്ധുവാണ് വിദ്യാര്‍ഥിയെന്ന് പൊലീസ് പറഞ്ഞു. മനുഷ്യജീവന് അപായമുണ്ടാക്കുന്നവിധത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് പൊലീസും കേസെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും കേസെടുക്കും. ലൈസന്‍സില്ലാത്ത വിദ്യാര്‍ഥിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് ആര്‍സി ഉടമയ്‌ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് സ്‌കൂള്‍ മൈതാനത്ത് ഫുട്ബോള്‍ പരിശീലനം നടത്തുകയായിരുന്ന കുട്ടികള്‍ക്കിടയിലൂടെ അപായകരമായരീതിയില്‍ കാര്‍ ഓടിച്ചത്. കുട്ടികള്‍ നില്‍ക്കുന്നതിനിടയിലേക്ക് കാര്‍ പലതവണ അതിവേഗത്തില്‍ ഓടിച്ചുകയറ്റി. വാഹനത്തിന്റെ വരവുകണ്ട് കുട്ടികള്‍ ഭീതിയോടെ മൈതാനത്ത് ചിതറിയോടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.