ഹരിയാന ∙ ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് പതിനാറുകാരനായ ദേശീയ താരം ഹാർദ്ദിക്കിന് ദാരുണാന്ത്യം. റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലാണ് അപകടം നടന്നത്. ബാസ്കറ്റ് ബോള്‍ കളിക്കാനെത്തിയ ഹാര്‍ദ്ദിക് ബോളെടുത്ത് ബാസ്കറ്റിലേക്ക് ഇട്ടശേഷം പോളില്‍ തൂങ്ങിയപ്പോഴാണ് ഇരുമ്പ് കൊണ്ടുണ്ടാക്കിയ പോള്‍ ഒടിഞ്ഞു ദേഹത്തുവീണത്.
നിലത്തുവീണ ഹാര്‍ദ്ദിക്കിന്‍റെ നെഞ്ചിൽ പോള്‍ ഇടിച്ചു. സുഹൃത്തുക്കൾ ഓടിയെത്തി പോള്‍ എടുത്തുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹാര്‍ദ്ദിക്കിന്‍റെ മരണത്തെത്തുടര്‍ന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ഹരിയാനയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ദേശീയ യൂത്ത് ചാംപ്യൻഷിപ്പുകളിൽ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നായബ് സിങ് സെയ്നി പറഞ്ഞു.














