കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ചുണ്ടേൽ സ്വദേശിയിൽ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. ബാറെലി സ്വദേശി ആകാശ് യാദവ് (25) ആണ് വയനാട് സൈബർ പോലീസിന്റെ പിടിയിലായത്.വിശാഖപട്ടണത്തു നിന്നുമാണ് സൈബർ പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂണിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ തട്ടിപ്പിൽ കുടുക്കിയത്.യുവതി നൽകിയ വ്യാജ ആപ്പ് വഴി ട്രേഡിംഗ് നടത്താനായി പലതവണയായി പണം നിക്ഷേപിക്കുകയായിരുന്നു. എന്നാൽ ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയായിരുന്നു.














