ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ശേഖരിക്കുന്ന രീതിക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഹോട്ടലുകള്‍, പരിപാടികളുടെ സംഘാടകര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കുന്നത് തടയാനുള്ള പുതിയ നിയമം ഉടന്‍ നിലവില്‍ വരും. നിലവിലെ ആധാര്‍ നിയമപ്രകാരം തന്നെ ആധാര്‍ പകര്‍പ്പുകള്‍ കൈവശം വെക്കുന്നത് നിയമലംഘനമാണ് എന്നതിനാലാണ് ഈ കര്‍ശന നടപടി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ ഇനി മുതല്‍ പുതിയ ഡിജിറ്റല്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മാത്രം പരിശോധന നടത്തുകയും വേണമെന്ന് യുഐഡിഎഐ സിഇഒ ഭുവ്നേശ് കുമാര്‍ അറിയിച്ചു.














